മുംബൈക്ക് അഞ്ചാം ഐപിഎല്‍ കിരീടം

ഫൈനലിന്റെ യാതൊരു സമ്മര്‍ദ്ദവുമില്ലാതെയാണ് മുംബൈ കളി ആരംഭിച്ചത്.

ഐപിഎല്‍ 13ആം സീസണ്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്. 5 വിക്കറ്റിനാണ് മുംബൈ കന്നി ഫൈനലിനെത്തിയ ഡല്‍ഹിയെ കീഴ്‌പ്പെടുത്തിയത്. 157 വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 18.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. 68 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് മുംബൈയുടെ ജയത്തിന്റെ സൂത്രധാരന്‍. ഇഷാന്‍ കിഷന്‍ (33), ക്വിന്റണ്‍ ഡികോക്ക് (20) എന്നിവരും മുംബൈ സ്‌കോറിലേക്ക് സംഭാവന നല്‍കി. ഡല്‍ഹിക്ക് വേണ്ടി ആന്റിച് നോര്‍ക്കിയ 2 വിക്കറ്റ് വീഴ്ത്തി. ജയത്തോടെ തുടര്‍ച്ചയായ രണ്ടാമത്തെയും ആകെ അഞ്ചാമത്തെയും കിരീടമാണ് മുംബൈ നേടിയത്.
ഫൈനലിന്റെ യാതൊരു സമ്മര്‍ദ്ദവുമില്ലാതെയാണ് മുംബൈ കളി ആരംഭിച്ചത്. ഡികോക്കിന്റെ പതിവ് ആക്രമണത്തിനൊപ്പം രോഹിത് ശര്‍മ്മയും താളം കണ്ടെത്തിയതോടെ മുംബൈ ഓവറില്‍ 11 എന്ന നിരക്കില്‍ സ്‌കോര്‍ ചെയ്തു. 4 ഓവറില്‍ 45 എന്ന നിലയിലേക്ക് കുതിച്ചെത്തിയ മുംബൈക്ക് അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ മാര്‍ക്കസ് സ്റ്റോയിനിസാണ് ആദ്യ തിരിച്ചടി നല്‍കുന്നത്. 20 റണ്‍സെടുത്ത ഡികോക്കിനെ സ്റ്റോയിനിസ് ഋഷഭ് പന്തിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു.
ഡികോക്ക് നഷ്ടമായതിന്റെ സമ്മര്‍ദ്ദമേതുമില്ലാതെ ബാറ്റ് വീശിയ രോഹിത് അനായാസം ബൗണ്ടറികള്‍ കണ്ടെത്തി. സീസണിലെ മോശം ഫോം രോഹിത് മികച്ച ഷോട്ടുകളിലൂടെ രോഹിത് കഴുകിക്കളഞ്ഞു. ഡല്‍ഹി നായകന്‍ ശ്രേയാസ് അയ്യര്‍ സ്പിന്നും പേസും മാറിമാറി പരീക്ഷിച്ചെങ്കിലും രോഹിതിന്റെ പ്രതിരോധം ഭേദിക്കാനായില്ല. 36 പന്തുകളില്‍ രോഹിത് ഫിഫ്റ്റി തികച്ചു. ഇതിനിടെ സൂര്യകുമാര്‍ യാദവ് (19) റണ്ണൗട്ടായിരുന്നു.
മൂന്നാം വിക്കറ്റില്‍ ഇഷാന്‍ കിഷന്‍-രോഹിത് സഖ്യം പ്രശ്‌നങ്ങളൊന്നുമില്ലാതെ മുന്നോട്ടു പോയി. സീസണില്‍ ഉടനീളം ഉണ്ടായിരുന്ന ഫോം കിഷന്‍ ഫൈനലിലും തുടര്‍ന്നു. 47 റണ്‍സാണ് ഈ സഖ്യം കൂട്ടിച്ചേര്‍ത്തത്. 17ആം ഓവറില്‍ ആന്റിച് നോര്‍ക്കിയ ഈ കൂട്ടുകെട്ട് പൊളിച്ചു. 51 പന്തുകളില്‍ 68 റണ്‍സ് നേടിയ മുംബൈ നായകനെ നോര്‍ക്കിയ സബ്സ്റ്റിയൂട്ട് ഫീല്‍ഡര്‍ ലളിത് യാദവിന്റെ കൈകളില്‍ എത്തിച്ചു. തുടര്‍ച്ചയായ രണ്ട് ബൗണ്ടറികളുമായി തുടങ്ങിയ കീറോണ്‍ പൊള്ളാര്‍ഡ് (9) നിര്‍ഭാഗ്യകരമായി റബാഡയുടെ പന്തില്‍ പ്ലെയ്ഡ് ഓണായി. ജയത്തിലേക്ക് 10 റണ്‍സ് മാത്രമായിരുന്നു അപ്പോള്‍ ദൂരം. ഹര്‍ദ്ദിക്ക് പാണ്ഡ്യ (3) 19ആം ഓവറിലെ മൂന്നാം പന്തില്‍ നോര്‍ക്കിയയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഹര്‍ദ്ദിക്കിനെ രഹാനെ പിടികൂടുകയായിരുന്നു. അടുത്ത പന്തില്‍ സിംഗിളെടുത്ത് കൃണാല്‍ മുംബൈയെ വിജയിപ്പിക്കുകയായിരുന്നു. കളി അവസാനിക്കുമ്പോള്‍ ഇഷാന്‍ കിഷന്‍ (32), കൃണാല്‍ പാണ്ഡ്യ (1) എനിവര്‍ പുറത്താവാതെ നിന്നു.