ബീഫിന് വില കുറച്ച് മത്സര വിൽപ്പന; കച്ചവടക്കാരുടെ പോര്‍വിളി.

കരുവാരകുണ്ട്: കച്ചവടക്കാർ മത്സരിച്ച് വിൽപന തുടങ്ങിയതോടെ ബീഫ് വില കുത്തനെ കുറഞ്ഞു. ഇന്നലെ വില കിലോഗ്രാമിന് 180 രൂപ വരെ എത്തി. കച്ചവടക്കാർ തമ്മിലുള്ള പോർവിളിയും ഇറച്ചി വാങ്ങാനെത്തിയവരുടെ നീണ്ട നിരയും കാരണം ഇന്നലെ രാവിലെ പുന്നക്കാട് ചുങ്കം ബഹളമയമായി. 260 രൂപയുണ്ടായിരുന്നപ്പോൾ 2 ദിവസം മുൻപ് ഒരു കച്ചവടക്കാരൻ ഇറച്ചി കിലോയ്ക്ക് 220 രൂപ നിരക്കിൽ വിറ്റു.

ഇതോടെ അടുത്തുള്ള കച്ചവടക്കാരൻ 200 രൂപയാക്കി. ഇന്നലെ മത്സരം മൂത്ത് കിലോയ്ക്ക് 180 രൂപയ്ക്കാണ് വിറ്റത്. ഇതോടെ സംസ്ഥാന പാതയോരത്ത് ഇറച്ചി വാങ്ങാനെത്തിയവരുടെ നീണ്ട നിരയായി. ഇറച്ചി തികയാതെ പലരും നിരാശരായി മടങ്ങി. ഇന്നും കിലോയ്ക്ക് 220 രൂപ നിരക്കിൽ ഇറച്ചി വിൽക്കുമെന്നാണ് ഒരു കടക്കാരൻ അറിയിച്ചത്. നേരത്തേ ഇവിടെ 280 രൂപയായിരുന്ന ഇറച്ചി വില. കോവിഡ് കാലത്ത് 260 രൂപയാക്കിയിരുന്നു.