വിപണിയിലുള്ള സാനിറ്റൈസറുകൾ ഒറിജിനലല്ല: ആറ് മാസത്തിനിടെ പിടിച്ചെടുത്തത് 50 ലക്ഷം രൂപയുടെ വ്യാജ സാനിറ്റൈസർ,

മലപ്പുറം : സാനിറ്റൈസര്‍ കയ്യില്‍ കൊണ്ട് നടക്കുന്നവരാണ് നമ്മള്‍. അല്ലാതെ മറ്റിടങ്ങളില്‍ നിന്നുള്ള സാനിറ്റൈസറുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ഈ സാനിറ്റൈസറുകള്‍ മുഴുവന്‍ ഒറിജിനലാണെന്ന് കരുതുന്നുണ്ടോ. കഴിഞ്ഞ ആറ് മാസത്തിനിടെ 50 ലക്ഷം രൂപയുടെ വ്യാജ സാനിറ്റൈസറുകളാണ് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം പിടിച്ചെടുത്തത്. സംസ്ഥാനത്ത് സാനിറ്റൈസര്‍ വില്‍ക്കാന്‍ അനുമതി വേണ്ടെന്നതിനാല്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വ്യാജ സാനിറ്റൈസര്‍ എത്തുന്നു. വ്യാജ സാനിറ്റൈസറുകള്‍ ശരീരത്തില്‍ പാര്‍ശ്വഫലം ഉണ്ടാക്കുന്നതായും കണ്ടെത്തി.

 

വിപണിയില്‍ പലയിടത്തും വില്‍പനയ്ക്ക് വെച്ച 50 ലക്ഷം രൂപയുടെ വ്യാജ സാനിറ്റൈസര്‍ ആണ് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം പിടിച്ചെടുത്തത്. നിര്‍മ്മിക്കുന്ന ഫാക്ടറിയുടെ പേരില്ല. ബാച്ച് നമ്പറും, ലൈസന്‍സ് വിവരങ്ങളും മറ്റ് വിശദാംശങ്ങളും ഒന്നുമില്ല. ലേബലിലുള്ള നിറമെ അല്ല അകത്തെ സാനിറ്റൈസറിന്. ‍ അടിമുടി വ്യാജം. ഇതാണ് നമ്മുടെ വിപണിയില്‍ പലയിടത്തുമായുള്ളത്.

 

കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയധികം രൂപയുടെ സാനിറ്റൈസറുകള്‍ പിടിച്ചെടുത്തത്. ഗുണമേന്‍മയില്ല എന്നത് മാത്രമല്ല ഉപയോഗിച്ചാല്‍ പാര്‍ശ്വഫലവുമുണ്ടാകും. കണ്ണൂര്‍ കൂത്തുപറമ്പിലും മലപ്പുറത്തുമുള്ള ലൈസന്‍സില്ലാതെ സാനിറ്റൈസര്‍ നിര്‍മ്മിക്കുന്ന യൂണിറ്റുകളും പൂട്ടി സീല്‍ ചെയ്തു.