സൗദിയിൽ നിയമലംഘകർക്കായി വ്യാപക പരിശോധന

റിയാദ്: നിയമലംഘകർക്കായി സൗദിയിൽ വ്യാപക പരിശോധന നടക്കുന്നു. ഇവരെ ഉടൻ നാടുകടത്തും. പിടിക്കപ്പെടുന്നവർക്ക് പിന്നീട് തിരിച്ചുവരാനാകില്ല. റിയാദിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ പോലീസും ബന്ധപ്പെട്ട വകുപ്പുകളും ചേർന്ന് നിയമലംഘകർക്കായി വ്യാപക പരിശോധനയാണ് നടത്തിയത്. കോവിഡ് പശ്ചാത്തലത്തിൽ പരിശോധന ഭാഗികമായി നിർത്തി വെച്ചിരിക്കുകയായിരുന്നു. എന്നാൽ വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചതോടെ പരിശോധനയും അറസ്റ്റും വീണ്ടും സജീവമായിട്ടുണ്ട്.

ഇഖാമയില്ലാത്തവരും സമ്പൂർണ സൗദിവത്കരണം നടത്തിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശികളുമാണ് പ്രധാനമായും പിടിക്കപ്പെടുന്നത്. ഇഖാമയില്ലാത്തതിനും മറ്റു തൊഴിൽ നിയമ ലംഘനങ്ങൾക്കും പിടിയിലായി നാടുകടത്തൽ കേന്ദ്രങ്ങളിൽ (തർഹീലിൽ) കഴിയുകയായിരുന്ന ഇന്ത്യക്കാരിൽ 393 പേർ കൂടി ഇന്നലെ നാട്ടിലെത്തി. കാലത്ത് 10 മണിക്ക് റിയാദ് കിംഗ് ഖാലിദ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്ന് സൗദി എയർലൈൻസ് വിമാനത്തിൽ സൗദി സർക്കാറിന്റെ ചെലവിൽ ഇവരെ ദൽഹി വിമാനത്താവളത്തിലാണ് എത്തിച്ചത്. കേരളമടക്കമുള്ള മിക്ക സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഈ വിമാനത്തിലുണ്ടായിരുന്നു.

വ്യാഴാഴ്ച തന്നെ ഇവർക്കുള്ള രേഖകളെല്ലാം എംബസി ഉദ്യോഗസ്ഥർ തർഹീലിലെത്തി കൈമാറി. എംബസി ഉദ്യോഗസ്ഥരായ രാജേഷ് കുമാർ, യൂസുഫ് കാക്കഞ്ചേരി, തുഷാർ, അബ്ദുസ്സമദ് എന്നിവരാണ് തർഹീലിൽ പോയി ഇവരുടെ യാത്രാ രേഖകൾ ശരിയാക്കിയത്.

താമസ, തൊഴിൽ നിയമ ലംഘകർക്കായി പരിശോധന ശക്തമാക്കിയതോടെ ദിനംപ്രതി നിരവധി പേരാണ് തർഹീലിലെത്തുന്നത്. നിലവിൽ മുന്നൂറിലധികം ഇന്ത്യക്കാർ കൂടി തർഹീലിലുണ്ട്. അടുത്ത ദിവസങ്ങളിൽ ഇവരെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ നടന്നു വരികയാണ്.

അതേസമയം, റിയാദിന്റെ വിവിധ ഭാഗങ്ങളിൽ പോലീസും ബന്ധപ്പെട്ട വകുപ്പുകളും ചേർന്ന് നിയമലംഘകർക്കായി വ്യാപക പരിശോധന നടത്തിവരികയാണ്. ഇഖാമയില്ലാത്തവരും സമ്പൂർണ സൗദിവത്കരണം നടത്തിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശികളുമാണ് പ്രധാനമായും പിടിക്കപ്പെടുന്നത്.

പിടിക്കപ്പെടുന്നവരെ വിരലടയാളമെടുത്ത് നേരെ തർഹീലിലേക്ക് കൊണ്ടുപോകും. പിന്നീടാണ് അവരവരുടെ നാട്ടിലേക്ക് കയറ്റിവിടുക. നേരത്തെ പരിശോധനയുണ്ടായിരുന്നുവെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ അവ ഭാഗികമായി നിർത്തി വെച്ചിരിക്കുകയായിരുന്നു. എന്നാൽ വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചതോടെ പരിശോധനയും അറസ്റ്റും വീണ്ടും സജീവമായിട്ടുണ്ട്. ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവർക്ക് ഫൈനൽ എക്‌സിറ്റ് നേടിക്കൊടുക്കുന്നതിൽ എംബസി ഉദ്യോഗസ്ഥർ കഠിന പ്രയത്‌നം നടത്തുന്നുണ്ട്. ഒരു ദിവസം അമ്പതിൽ താഴെ പേർക്കാണ് റിയാദ് ജവാസാത്തിൽ നിന്ന് ഫൈനൽ എക്‌സിറ്റ് ലഭിക്കുന്നത്. എക്‌സിറ്റടിച്ച് ലഭിച്ചാൽ എംബസി തന്നെ നേരിട്ട് അവരെ വിളിച്ചറിയിക്കും. തർഹീൽ വിരലടയാളമെടുക്കാതെ തന്നെ അവർക്ക് നാട്ടിലേക്ക് പോകാമെന്നതിനാൽ പുതിയ വിസയിൽ തിരിച്ചുവരുന്നതിന് പ്രയാസമുണ്ടാകില്ല. എന്നാൽ പോലീസ് പിടിച്ച് തർഹീൽ വഴി പോകുമ്പോൾ തിരിച്ചുവരുന്നതിന് വിലക്കുണ്ടാകും.