സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വാര്‍ഡ് കമ്മിറ്റിയുടെ ഭൂരിപക്ഷാഭിപ്രായം പരിഗണിച്ചില്ല; പ്രതിഷേധമുയര്‍ത്തി തിരൂരില്‍ ലീഗ് കമ്മിറ്റിയിലെ നാലു വാര്‍ഡുകളില്‍ കൂട്ടരാജി

തിരൂര്‍: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വാര്‍ഡ് കമ്മിറ്റിയുടെ അഭിപ്രായം മാനിക്കാതെ നേതൃത്വം ഇഷ്ടക്കാരെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് മുസ്ലീംലീഗില്‍ കൂട്ടരാജി. ഇന്ന് പ്രഖ്യാപിച്ച തിരൂര്‍ മുനിസിപ്പല്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റിലാണ് ഒരു വിഭാഗം അണികള്‍ പ്രതിഷേധമുയര്‍ത്തിയത്. തിരൂര്‍ മുനിസിപ്പാലിറ്റിയിലെ അഞ്ചാം വാര്‍ഡ് പൂക്കയില്‍ പ്രാദേശിക മുസ്ലിംലീഗ് ഭാരവാഹികളുടെ ഭൂരിപക്ഷ അഭിപ്രായത്തെ മറികടന്ന്, മുനിസിപ്പല്‍ ലീഗ് കമ്മിറ്റി ഏകപക്ഷീയമായി ഒരു സ്ഥാനാര്‍ത്ഥിയെ അടിച്ചേല്‍പ്പിക്കുകയായിരുന്നെന്നും, ഇത് തീര്‍ത്തും ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്നും രാജിവച്ചവര്‍ പറഞ്ഞു.

പൂക്കയിലിലെ 1,3, 5,6 വാര്‍ഡുകളിലെ മുസ്ലീംലീഗ് യൂത്ത് ലീഗ് ഭാരവാഹികളാണ് രാജിവെച്ചത്. അഞ്ചാം വാര്‍ഡില്‍ നിലവില്‍ വിപി മിസ്അബിനെയാണ് മുനിസിപ്പല്‍ ലീഗ് നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാല്‍ വാര്‍ഡ് കമ്മിറ്റി എ നൗഷാദിനെയാണ് നിര്‍ദേശിച്ചതെന്നും ഇത് പരിഗണിച്ചില്ലെന്നും രാജിവച്ച പ്രവര്‍ത്തകര്‍ പറഞ്ഞു. വ്യക്തിപരമായ താത്പര്യങ്ങള്‍ക്കും ഇഷ്ടാനിഷ്ടങ്ങള്‍ക്കും വേണ്ടി മുസ്ലിംലീഗ് എന്ന മഹിതമായ രാഷ്ട്രീയ പ്രസ്ഥാനത്തെ ബലി കൊടുക്കുകയാണ് നേതൃത്വത്തിലെ ഒരു വിഭാഗം ചെയ്യുന്നതെന്ന്് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ടെന്നും രാജിവെച്ചവര്‍ പറഞ്ഞു.

അഞ്ചാം വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് നിസാര്‍ അലചമ്പാട്ട്, വൈസ് പ്രെസിഡന്റുമാരായ നൂറുദ്ധീന്‍. എ, അഷറഫ് അരയാലന്‍, സെക്രട്ടറി അബ്ദുറഹ്മാന്‍ ഒരിക്കല്‍, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഫാസില്‍ ചോലക്കല്‍, വൈസ് പ്രസിഡന്റമാരായ ഇബ്രാഹിം ഒ. പി, ഷാഹിദ് കെ. ടി, സെക്രട്ടറി അന്‍സബ് അലി വി.സി എന്നിവരും ബൂത്ത് കന്‍വീനര്‍ നൗഷാദ് .എ, മൂന്നാം വാര്‍ഡ് ഭാരവാഹികളായ തയ്യില്‍ റഷീദ്, മുഹമ്മദ് ഷാഹിദ് വി.സി , ഒന്നാം വാര്‍ഡ് യൂത്ത് ലീഗ് ഭാരവാഹികളായ സവാദ് കെ. ടി – പ്രസിഡന്റ്, വൈസ് പ്രസിഡന്റ്മാരായ ജൈസല്‍, ബാസിത്, ശിഹാബ്,ഷാനിബ്,

സെക്രട്ടറിമാരായ സബീല്‍, സല്‍മാന്‍ ഫാരിസ് ആറാം വാര്‍ഡ് യൂത്ത് ലീഗ് കമ്മിറ്റി പ്രസിഡന്റ് റാസിക് ഹുസൈന്‍, സെക്രട്ടറി യാസിര്‍ , സഹ ഭാരവാഹികളായ, ആഷിക്, അറഫാത്ത്,അജ്മല്‍, ബാസിത്, അഫ്താബ്, ജാബിര്‍, മുഫീദ് എന്നിവരുമാണ് മുനിസിപ്പില്‍ നേതൃത്വത്തിന് രാജി സമര്‍പ്പിച്ചത്.