സിമന്റ്, കമ്പി വില വര്ദ്ധനവ്സര്‍ക്കാര്‍ ഇടപെടണം

മലപ്പുറം : കോവിഡ് മഹാമാരി കാരണം എല്ലാ മേഖലകളിലും കടുത്ത തൊഴില്‍ പ്രതിസന്ധി നേരിടുന്ന അവസരത്തില്‍ അല്‍പ്പമെങ്കിലും ആശ്വാസംനല്‍കുന്നത് നിര്‍മ്മാണ മേഖല മാത്രമാണ്. നിര്‍മ്മാണ മേഖലയെ ബാധിക്കുന്ന കൃത്രിമ ക്ഷാമവും അന്യായമായ വിലക്കയറ്റവും പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനമുണ്ടാക്കണമെന്ന് ലൈന്‍സ് ഫെഡ് ആവശ്യപ്പെട്ടു. അന്യായമായ വിലക്കയറ്റം സൃഷ്ടിച്ച് സിമന്റ് കമ്പനികളും സ്റ്റീല്‍ കമ്പനികളും നിര്‍മ്മാണ മേഖലക്ക് പ്രതിസന്ധി വരുത്തുകയാണ്. സിമന്റിന് 15 ശതമാനത്തോളമാണ് വര്‍ദ്ധനവ് വരുത്തിയത്. സ്റ്റീലിന് പത്ത് ശതമാനവും വര്‍ദ്ധനവാണിപ്പോള്‍. അന്യായമായി വര്‍ദ്ധിപ്പിച്ച സിമന്റ്, കമ്പി വില വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മറ്റു രാജ്യങ്ങളില്‍ നിന്നും സിമന്റ് , കമ്പി എന്നിവ ഇറക്കുമതി ചെയ്ത് നിര്‍മ്മാണ മേഖലയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

നിര്‍മ്മാണ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ലെന്‍സ്‌ഫെഡ് മലപ്പുറം ഏരിയാ കമ്മിറ്റി മലപ്പുറം സിവില്‍ സ്റ്റേഷന് മുന്നില്‍ നില്‍പ്പു സമരം നടത്തി. ജില്ലാ പ്രസിഡന്റ് കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ നൗഷാദ് അധ്യക്ഷതവഹിച്ചു. ഏരിയാ സെക്രട്ടറി എം ശിഹാബ് സ്വാഗതവും ട്രഷറര്‍ പി ടി സജീര്‍ നന്ദിയും പറഞ്ഞു.