ലൗ ജിഹാദിന് അഞ്ച് വര്‍ഷം കഠിനതടവ്; നിയമനിര്‍മ്മാണത്തിന് മധ്യപ്രദേശ് സര്‍ക്കാര്‍

ലൗ ജിഹാദിനെതിരെയുള്ള നിയമം ഉടന്‍ നടപ്പാക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. വിവാഹത്തിന് വേണ്ടി മാത്രമുള്ള മതപരിവര്‍ത്തനത്തിന് കഠിനശിക്ഷ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര അറിയിച്ചു. അഞ്ച് വര്‍ഷം കഠിന തടവ് നല്‍കുന്നതാണ് നിയമമെന്നും മന്ത്രി അറിയിച്ചു.

ലൗ ജിഹാദ് കേസുകള്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരിക്കും രജിസ്റ്റര്‍ ചെയ്യുക. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നും മന്ത്രി നരോത്തം മിശ്ര അറിയിച്ചു. പ്രധാന പ്രതികള്‍ക്ക് സഹായം ചെയ്യുന്നവരെയും പ്രതി ചേര്‍ക്കും. വിവാഹത്തിനായി മതപരിവര്‍ത്തനം നടത്തുന്നതിന് ഒരുമാസം മുമ്പ് അപേക്ഷ നല്‍കണം. ജില്ലാ കളക്ടര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ലൗ ജിഹാദിനെതിരെ നിയമം കൊണ്ടു വരുമെന്ന് കര്‍ണാടകയും ഹരിയാണയും വ്യക്തമാക്കിയിരുന്നു. നവംബര്‍ ആറിനാണ് കര്‍ണാടക മുഖ്യമന്ത്പി ബി.എസ്. യദ്യൂരപ്പ ഇക്കാര്യം അറിയിച്ചത്. ലൗ ജിഹാദ് എന്ന പേരില്‍ രാജ്യത്ത് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്.