എല്ലാവർക്കും തുല്യ പ്രാധാന്യത്തോടെ ചുവരെഴുത്തിന് ചുറ്റുമതിൽ വിട്ടുനൽകി മെട്രോമാൻ ഇ ശ്രീധരൻ

വാർഡിലെ എല്ലാ സ്ഥാനാർഥികളുടെയും ചുവരെഴുത്തുകൾ ഒറ്റമതിലിൽ

പൊന്നാനി: പൊന്നാനി നഗരസഭയിലെ കുറ്റിക്കാട് എത്തിയാൽ അഞ്ചാം വാർഡിലെ സ്ഥാനാർഥികൾ ആരാണെന്നകാര്യത്തിൽ വോട്ടർമാർക്ക് സംശയമുണ്ടാവില്ല. വാർഡിലെ എല്ലാ സ്ഥാനാർഥികളുടെയും ചുവരെഴുത്തുകൾ ഒറ്റമതിലിൽ ഇവിടെ കാണാം.

ചുമരിൽ ആദ്യം ഇടംപിടിച്ചത് അഞ്ചാം വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി റഹ്മത്ത് ആരിഫിെൻറ തെരഞ്ഞെടുപ്പ് ചിഹ്നം പതിച്ചുള്ള വോട്ടഭ്യർഥനയാണ്. ഇതേ മതിലിൽ തൊട്ടടുത്തുതന്നെ എൽ.ഡി.എഫിലെ സി.പി.എം സ്ഥാനാർഥി കവിതക്ക് വോട്ടഭ്യർഥിച്ചുള്ള ചുവരെഴുത്തും അരിവാൾ ചുറ്റിക നക്ഷത്രവും പിന്നീട് പ്രത്യക്ഷപ്പെട്ടു.

 

ചുവരിൽ തൊട്ടടുത്തായി സ്ഥാനംപിടിച്ചത് ബി.ജെ.പി സ്ഥാനാർഥി ബീന ശിവദാസിനെ വിജയിപ്പിക്കണമെന്നഭ്യർഥിച്ചുള്ള ചുവരെഴുത്ത്. കുറ്റിക്കാട് എൻ.ജി.ഒ ഓഫിസിന് മുൻവശത്ത്, മെട്രോമാൻ ഇ. ശ്രീധരെൻറ വീട്ടുവളപ്പിെന്റെ ചുറ്റുമതിലിലാണ് എല്ലാവർക്കും തുല്യപ്രാധാന്യം നൽകിയുള്ള ചുവരെഴുത്ത്.