കാണാതായ 76 കുട്ടികളെ കണ്ടെത്തിയ ഡല്‍ഹി പോലിസ് ഉദ്യോഗസ്ഥയ്ക്ക് സ്ഥാനകയറ്റം.
ന്യൂഡല്‍ഹി: മൂന്ന് മാസത്തിനുള്ളില്‍ കാണാതായ 76 കുട്ടികളെ കണ്ടെത്തിയ ഡല്‍ഹി പോലിസ് ഉദ്യോഗസ്ഥയ്ക്ക് സ്ഥാനകയറ്റം. ഡല്‍ഹിയിലെ സമയ്പുര്‍ ബഡ്ലി പോലിസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബ്ള്‍ സീമ ധാക്കയ്ക്കാണ് സ്ഥാനകയറ്റം ലഭിച്ചത്. മാതാപിതാക്കളുമായി വഴക്കിട്ട് കൗമാരക്കാര്‍ വീട് വിട്ട് പിന്നീട് മയക്കുമരുന്നിനും മദ്യത്തിനും അടിമപ്പെട്ട നിരവധി കേസുകളിലും താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ധാക്ക പറഞ്ഞു. കണ്ടെത്തിയ 56 കുട്ടികള്‍ 14 വയസില്‍ താഴെയുള്ളവരാണ്. ഡല്‍ഹി കൂടാതെ പഞ്ചാബ്, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.
ഔട്ട് ഓഫ് ടേണ്‍ പ്രമോഷന്‍ വഴി അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയാണ് സീമയ്ക്ക് നല്‍കിയത്. ഡല്‍ഹി പോലീസിലെ കോണ്‍സ്റ്റബിള്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍ ഉദ്യോഗസ്ഥര്‍ 12 മാസത്തിനുള്ളില്‍ 50 അല്ലെങ്കില്‍ അതിനു മുകളില്‍ കാണാതായ കുട്ടികളെ കണ്ടെത്തിയാല്‍ ഔട്ട് ഓഫ് ടേണ്‍ പ്രമോഷന് അര്‍ഹരാണ്. ഈ വര്‍ഷം 3,507 കുട്ടികളെയാണ് ഡല്‍ഹിയില്‍ നിന്നും കാണാതായത്. ഡല്‍ഹിയില്‍ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനായി ഓഗസ്റ്റ് അഞ്ചിന് പദ്ധതി ആരംഭിച്ചത്.