കൂട്ടുകാരന്റെ സഹോദരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി.

പ്രതിയുടെ വീട്ടില്‍നിന്ന് ഫോറസ്റ്റ് അധികൃതര്‍ നടത്തിയ റെയ്ഡിൽ ശ്രീകൃഷ്ണപ്പരുന്തിനെ കസ്റ്റഡിയിലെടുത്തിരുന്നു

മലപ്പുറം: കൂട്ടുകാരന്റെ 16കാരിയായ സഹോദരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി കോടതിയില്‍ കീഴടങ്ങി. കോട്ടക്കല്‍ അമ്പലവട്ടം കൊയപ്പ കോവിലകത്ത് താജുദ്ദീന്‍ (35) ആണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി മുമ്പാകെ കീഴടങ്ങിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 23നാണ് കേസിന്നാസ്പദമായ സംഭവം. കൂട്ടുകാരന്റെ സഹോദരിയായ 16വയസ്സുകാരിയെ പ്രതി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് കേസ്. വിവിധ സ്റ്റേഷനുകളിലായി കഞ്ചാവ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ താജുദ്ദീന്‍ വീട്ടില്‍ ശ്രീകൃഷ്ണ പരുന്തിനെ സൂക്ഷിച്ചുവെന്ന കേസിലും പ്രതിയാണ്. പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കോട്ടക്കല്‍ സി ഐ കെ ഒ പ്രദീപാണ് കേസന്വേഷിക്കുന്നത്. അമ്പലവട്ടം കൊയപ്പ കോവിലകത്ത് താജുദ്ധീന്റെ വീട്ടില്‍ കഴിഞ്ഞ മാസം പോലീസ് നടത്തിയ റെയ്ഡിലാണ് വീട്ടില്‍ കൂട്ടില്‍ വളര്‍ത്തുകയായിരുന്ന പരുന്തിനെ കസ്റ്റഡിയിലെടുത്തത്. ഇതോടെ പ്രതിക്കെതിരെ വനംവകുപ്പും കേസെടുത്തിരുന്നു.
പരുന്തിനെ വനംവകുപ്പ് ഏറ്റെടുത്തു. പ്രതിയുടെ വീട്ടില്‍നിന്ന് ഫോറസ്റ്റ് അധികൃതര്‍ നടത്തിയ റെയ്ഡിലാണ് ശ്രീകൃഷ്ണപ്പരുന്തിനെ കസ്റ്റഡിയിലെടുത്തത്. കാളികാവ് റേഞ്ച് ഓഫീസര്‍ പി സുരേഷിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് എടരിക്കോട് അമ്പലവട്ടം സ്വദേശി കൊയപ്പ കോവിലകത്ത് താജുദ്ദീന്റെ വീട്ടില്‍ വളര്‍ത്തുന്ന ശ്രീകൃഷ്ണപ്പരുന്തിനെ കണ്ടെത്തിയത്