ക്ഷേത്രത്തില്‍ മോഷണം.
ആംപ്ലി ഫെയര്‍, സ്റ്റീരിയോ സെറ്റ് എന്നിവയും കൂടാതെ മൂന്ന് ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് പണവും കവര്‍ന്നു.
മലപ്പുറം: പെരിന്തല്‍മണ്ണ മണ്ണാര്‍മല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ മോഷണം. ഗണപതിയുടെ കല്‍വിഗ്രഹം, ക്ഷേത്രത്തിലെ ആംപ്ലി ഫെയര്‍, സ്റ്റീരിയോ സെറ്റ് എന്നിവയും കൂടാതെ മൂന്ന് ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് പണവും കവര്‍ന്നു. പ്രധാന ശ്രീകോവിലും പുറത്ത് ദേവിയുടെ പ്രതിഷ്ഠയുള്ള ശ്രീകോവിലും തുറന്നിട്ടില്ല.
ക്ഷേത്രത്തിൻ്റെ പിറകുവശത്തെ വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന ദേവീദേവന്മാരുടെ രണ്ടു ചിത്രങ്ങള്‍ ക്ഷേത്രത്തിന് പിറകുവശത്തെ ആല്‍മരച്ചുവട്ടില്‍ ഉപേക്ഷിച്ച നിലയിലും കാണപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ മേല്‍ശാന്തി ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍ പെട്ടത്. ഉച്ചയോടെ മലപ്പുറത്തുനിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്രം ഭാരവാഹികള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണമാരംഭിച്ചു. മേലാറ്റൂര്‍ ഇന്‍സ്‌പെക്ടര്‍ കെ റഫീഖിന്റെ നിര്‍ദേശ പ്രകാരം എസ്ഐമാരായ മത്തായി, ജോര്‍ജ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും സ്ഥലത്ത് പരിശോധന നടത്തി.