ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ സി.വി രാമന്‍ ഓര്‍മയായിട്ട് ഇന്ന് 50 വര്‍ഷം

ലോകപ്രശസ്തനായ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ സി.വി രാമന്‍ ഓര്‍മയായിട്ട് ഇന്ന് 50 വര്‍ഷം തികയുന്നു. പ്രതിഭയും അന്വേഷണത്വരയും സമന്വയിച്ച യാത്രയിലൂടെ ഭൗതികശാസ്ത്രത്തിന്റെ ഉന്നതികള്‍ കീഴടക്കിയ മഹാശാസ്ത്രജ്ഞനായിരുന്നു സി.വി.രാമന്‍. ശാസ്ത്ര ഗവേഷണങ്ങള്‍ എപ്പോഴും മനുഷ്യനന്മയ്ക്കു വേണ്ടിയാകണമെന്ന് ആഗ്രഹിക്കുകയും പ്രവൃത്തിയിലൂടെ അതു കാണിച്ചുകൊടുക്കുകയും ചെയ്ത പ്രതിഭയാണ് സി.വി രാമന്‍. 1930ലെ ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത് രാമന്‍ പ്രഭാവത്തിന്റെ കണ്ടുപിടിത്തമാണ്. ഒരു ഏക വര്‍ണ പ്രകാശം സുതാര്യമായ ദ്രാവകത്തിലൂടെ കടത്തിവിട്ടാല്‍ പുറത്തുവരുന്ന പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യം വ്യത്യസ്തമായിരിക്കും എന്ന കണ്ടെത്തലായിരുന്നു സി.വി രാമനെ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
കടല്‍ നീല നിറത്തില്‍ കാണാന്‍ കാരണം സൂര്യപ്രകാശം ജലകണികകളിലൂടെ കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന വിസരണം മൂലമാണെന്ന് രാമന്‍ പ്രഭാവം തെളിയിച്ചു.

1888 നവംബര്‍ ഏഴിന് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിക്കടുത്താണ് സി വി രാമന്‍ ജനിച്ചത്. വിശാഖപട്ടണത്തെ പഠനം പൂര്‍ത്തിയാക്കി . പിന്നീട് കൊല്‍ക്കത്തയില്‍ ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ പ്രവേശിച്ചു. 1933 ല്‍ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ആദ്യ ഇന്ത്യക്കാരനായ ഡയറക്ടറായി.1948 ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്നു വിരമിച്ചശേഷം മൈസൂര്‍ രാജാവ് നല്‍കിയ സ്ഥലത്ത് രാമന്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. 1954 ല്‍ സി.വി രാമനെ രാഷ്ട്രം ഭാരതരത്‌നം നല്‍കി ആദരിച്ചു. .