കുഴഞ്ഞുവീണ് മരിച്ച സ്ഥാനാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചു.

മാവൂര്‍: വെള്ളിയാഴ്ച മാവൂരില്‍ കുഴഞ്ഞുവീണ് മരിച്ച സ്ഥാനാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചു. മാവൂര്‍ പൈപ്പ്‌ലൈനില്‍ പാറപ്പുറത്ത് അനില്‍കുമാറിന്റെ (54) കോവിഡ് പരിശോധനാ ഫലമാണ് പോസിറ്റിവായത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

മാവൂര്‍ ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡ് താത്തൂര്‍പൊയിലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് വ്യാഴാഴ്ച പത്രിക നല്‍കിയത്. വെള്ളിയാഴ്ച രാത്രി വീട്ടില്‍ കുളിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കോവിഡ് മാനദണ്ഡമനുസരിച്ച് ശനിയാഴ്ച സന്ധ്യയോടെ കുടുംബ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

 

അനില്‍കുമാറിന് നേരത്തേ ഹൃദയസംബന്ധമായ തകരാര്‍ ഉണ്ടായിരുന്നു. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അനില്‍കുമാറുമായി സമ്പര്‍ക്കത്തിലുള്ള മുഴുവന്‍ പേരോടും നിരീക്ഷണത്തില്‍ പോവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.