ഹാക്കിംഗിലൂടെ പണം തട്ടൽ; മഹാരാഷ്ട്ര സ്വദേശികൾ അറസ്റ്റിൽ.
മഞ്ചേരി: ബാങ്ക് അക്കൗണ്ടുകളും വിവിധ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനങ്ങളും ഹാക്ക് ചെയ്ത് പണം തട്ടിയ കേസില്‍ ‘മിസ്റ്റീരിയസ് ഹാക്കേഴ്സ്’ ഗ്രൂപ്പിലെ രണ്ട് പ്രധാനികളെ മഞ്ചേരി പൊലീസ് മഹാരാഷ്ട്രയില്‍ നിന്നും അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര താനെയില്‍ താമസിക്കുന്ന ഭരത് ഗുര്‍മുഖ് ജെതാനി, നവി മുംബൈയില്‍ താമസിക്കുന്ന ക്രിസ്റ്റഫര്‍ (20 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മഞ്ചേരി സ്വദേശിയുടെ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം 12-നാണ് കേസിനാസ്പദമായ സംഭവം. ചെറിയ സംഖ്യകളായി പണം ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടത് സംബന്ധിച്ച് ബാങ്കില്‍ നിന്നുള്ള മെസേജുകള്‍ കണ്ട് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് എടുത്തപ്പോഴാണ് ഒരു ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായി മനസ്സിലായത്.
വിവിധ ഫിഷിംഗ് വെബ്‌സൈറ്റുകള്‍ ഉപയോഗിച്ച് വ്യക്തികളുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ് യൂസര്‍ ഐഡിയും പാസ് വേഡും ക്രാക്ക് ചെയ്യുന്ന പ്രതികള്‍ അതുവഴി അക്കൗണ്ടിലെ പണം ഹാക്ക് ചെയ്ത് ഗിഫ്റ്റ് വൗച്ചറുകളും വ്യാജവിലാസങ്ങള്‍ നല്കി വസ്തുക്കളും വാങ്ങുകയാണ് ചെയ്യാറ്. ഇത്തരത്തില്‍ വാങ്ങുന്ന ഗിഫ്റ്റ് വൗച്ചറുകള്‍ ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തിയാണ് പ്രതികള്‍ പണമാക്കി മാറ്റുന്നത്. നേരിട്ട് പണമാക്കി മാറ്റിയാല്‍ എളുപ്പത്തില്‍ പിടിക്കപ്പെടാമെന്നതിനാലാണിത്. കൂടാതെ ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് പോലത്തെ ഇ-വാലറ്റ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് ഗിഫ്റ്റ് വൗച്ചറുകള്‍ നേരിട്ട് തട്ടിയെടുക്കുന്നുമുണ്ട്. ഇതര വ്യക്തികളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചെടുത്ത സിം കാര്‍ഡുകളും വ്യാജ ഐ.പി വിലാസങ്ങളുമാണ് ഹാക്കിംഗിന് ഉപയോഗിച്ചിരുന്നത്.
ഏറെ നാളത്തെ ശ്രമകരമായ നീക്കത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിനായി പൊലീസ് സംഘം കഴിഞ്ഞ 20 ദിവസത്തോളമായി മദ്ധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലായി പ്രതികളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് താമസിച്ചുവരികയായിരുന്നു. ഹാക്കിംഗിലൂടെ സമ്ബാദിക്കുന്ന പണം ഉപയോഗിച്ച് ആഡംഭര ജീവിതമാണ് പ്രതികള്‍ നയിച്ചിരുന്നത്. അര്‍ദ്ധരാത്രിക്ക് ശേഷം പുലര്‍ച്ചെ വരെയുള്ള സമയങ്ങളിലാണ് പ്രതികള്‍ അക്കൗണ്ടില്‍ നിന്നും പണം ഹാക്ക് ചെയ്യുന്നത്. പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നത് സംബന്ധിച്ച മെസേജുകള്‍ ഇരകള്‍ അറിയരുതെന്നതിനാലാണ് ഈസമയം തിരഞ്ഞെടുക്കുന്നത്. പ്രതികളെ തെളിവ് സഹിതം പിടികൂടുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടോടെ ഹാക്കിംഗ് ചെയ്യുന്നതിനിടെയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഹാക്കിംഗ് ടൂള്‍സ്, ഹാക്ക് ചെയ്ത വിവരങ്ങള്‍ മുതലായവ ഷെയര്‍ ചെയ്യാനായി ഇവര്‍ ക്രിയേറ്റ് ചെയ്ത ‘മിസ്റ്റീരിയസ് ഹാക്കേഴ്സ്’ ഗ്രൂപ്പില്‍ നിരവധി വ്യക്തികളുടെ യൂസര്‍ ഐഡികളും പാസ് വേഡുകളും ഷെയര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
നിരവധി ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും ഇ-വാലറ്റുകളില്‍ നിന്നും ഇവര്‍ പണം ഹാക്ക് ചെയ്തിട്ടുണ്ട്. സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. മഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ സി. അലവിയുടെ നേതൃത്വത്തില്‍ സൈബര്‍ ഫോറന്‍സിക് ടീം അംഗം എന്‍.എം. അബ്ദുള്ള ബാബു, സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗങ്ങളായ എം. ഷഹബിന്‍, കെ. സല്‍മാന്‍, എം.പി. ലിജിന്‍ എന്നിവരാണ് മഹാരാഷ്ട്രയില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികളെ മഞ്ചേരി സി.ജെ.എം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.