പാലക്കാട്ടെ 13 വിമതരെ കോണ്‍ഗ്രസ് പുറത്താക്കി

ജനറൽ സെക്രട്ടറി ഉൾപ്പെടെ 13 പേരെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്

പാലക്കാട് ജില്ലയിൽ വിമതരായി മത്സരിക്കുന്നവരെ കോൺഗ്രസ് പുറത്താക്കി. ഡി.സി.സി ജനറൽ സെക്രട്ടറി കെ. ഭവഭാസൻ ഉൾപ്പെടെ 13 പേരെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്.

 

കോൺഗ്രസ് സീറ്റ് നൽകാത്തതിനാൽ സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിച്ചവരെയാണ് 6 വർഷത്തേക്ക് പുറത്താക്കിയത്. പാലക്കാട് നഗരസഭയിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ കെ. ഭവദാസ് 11ആം വാർഡിൽ വിമതനായി മത്സരിക്കുന്നുണ്ട്. മുൻ കെ.പി.സി.സി അംഗം ടി.പി ഷാജിയുടെ നേതൃത്വത്തിൽ പട്ടാമ്പി നഗരസഭയിൽ 6 വാർഡുകളിൽ കോൺഗ്രസിനെതിരെ മത്സരിക്കുന്നുണ്ട്. ഭവദാസും ടി.പി ഷാജിയുമടക്കം 13 പേരെയാണ് കോൺഗ്രസിൽ നിന്നും പുറത്താക്കിയത്. പുറത്താക്കപ്പെട്ടവരിൽ അധിക പേരും നിലവിലെ ജനപ്രതിനിധികളാണ്.

നാല് തവണയിൽ കൂടുതൽ മത്സരിച്ചവർക്ക് സീറ്റ് നിഷേധിച്ചതോടെയാണ് ഇവർ വിമത നീക്കം നടത്തിയത്. വിമതരായി മത്സരിക്കാൻ ശ്രമിച്ച ചിറ്റൂർ മേഖലയിലെ ചില നേതാക്കൾക്ക് പിന്നീട് സീറ്റ് നൽകി. കെ.പി.സി.സി നിർദേശ പ്രകാരമാണ് സംഘടനാ തലത്തിൽ നടപടി സ്വീകരിച്ചതെന്ന് ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠൻ പറഞ്ഞു