ദേശീയ പണിമുടക്ക് അര്‍ധരാത്രിയോടെ ആരംഭിച്ചു.

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കും നിയമങ്ങള്‍ക്കും എതിരായ ദേശീയ പണിമുടക്ക് അര്‍ധരാത്രിയോടെ ആരംഭിച്ചു. ബി.എം.എസ് ഒഴികെയുള്ള പത്ത് തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

വ്യാഴാഴ്ച അര്‍ധരാത്രിവരേയാണ് പണിമുടക്ക്. കേരളത്തിലും പശ്ചിമബംഗാളിലും പണിമുടക്ക് ഹര്‍ത്താലായി മാറിയിട്ടുണ്ട്.

Hartal

പാല്‍, പത്രം, ആശുപത്രി, ടൂറിസം എന്നീ മേഖലകളെയും തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനങ്ങളെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വ്യാഴാഴ്ച നടക്കുന്ന കേരള ബാങ്ക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കി.

വോട്ട് ചെയ്യാന്‍ പോകുന്നവരെയും വോട്ടെടുപ്പ് കേന്ദ്രങ്ങളെയും പണിമുടക്ക് ബാധിക്കില്ല.

സംഘടിത, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കുചേരുന്നുണ്ട്. കേന്ദ്ര ട്രേഡ് യൂനിയനുകളും, പൊതുമേഖലാ ജീവനക്കാരുടെ ഫെഡറേഷനുകളും, കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും ഒന്നിച്ചു നടത്തുന്ന പണിമുടക്കില്‍ ദേശീയ തലത്തിലെ പത്ത് സംഘടനകള്‍ക്കൊപ്പം സംസ്ഥാനത്ത് നിന്നുള്ള 13 തൊഴിലാളി സംഘടനകളും പങ്കെടുക്കുന്നു.

ബാങ്ക്, ഇന്‍ഷുറന്‍സ് മേഖലയിലെ തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, കെ.എസ്.ആര്‍.ടി.സി ഉള്‍പ്പടെയുള്ള മോട്ടോര്‍ വാഹനത്തൊഴിലാളികള്‍, വ്യാപാര വാണിജ്യ മേഖലകളില്‍ ഉള്ളവരും പണിമുടക്കിന്റെ ഭാഗമാകുന്നുണ്ട്.