തദ്ദേശ തെരഞ്ഞെടുപ്പ് സംസ്ഥാന, മുനിസിപ്പൽ ഭരണത്തിനെതിരെയുള്ള വിധിയെഴുത്താകും: സി മമ്മൂട്ടി എംഎൽഎ

തിരൂർ: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാന, മുനിസിപ്പൽ ഭരണത്തിനെതിരെയുള്ള വിധിയെഴുത്താകുമെന്ന് സി.മമ്മൂട്ടി എം.എൽ.എ പറഞ്ഞു. തിരൂർ പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു.

തിരൂർ മുനിസിപ്പാലിറ്റിയിൽ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ 60 ദിസത്തിനുള്ളിൽ മുനിസിപ്പൽ സ്റ്റേഡിയം കൂടുതൽ സൗകര്യങ്ങൾ ഒരുക്കി, കേടുപാടുകൾ പരിഹരിച്ച് സൗജന്യമായി തുറന്ന് കൊടുക്കും. നഗരസഭയിൽ അമിനിറ്റി സെൻ്റർ തുറക്കുന്നത് ഉൾപ്പെടെയുള്ളവക്ക് നഗരസഭ ഭരണ സമിതി തടസം നിൽക്കുകയായിരുന്നു. തലക്കാട് ഗ്രാമപഞ്ചായത്ത് കുടിവെള്ള പദ്ധതിക്ക് 88 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഗ്രൗണ്ട് നിർമ്മാണത്തിന് പഞ്ചായത്ത് സ്ഥലം നൽകാൻ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ മൾട്ടി പർപ്പസ് സ്റ്റേഡിയം നിർമ്മിക്കാൻ ഫണ്ട് അനുവദിച്ചത്.60 സോളാർ ലൈറ്റുകളും തലക്കാട് പഞ്ചായത്തിൽ സ്ഥാപിച്ചിട്ടുണ്ട്.സംസ്ഥാന സർക്കാർ പിൻവാതിൽ വഴി സർക്കാർ തസ്തികകളിൽ ജോലിക്കാരെ നിയമനം നടത്തുന്നതിൽ യുവതി, യുവാക്കൾ കടുത്ത പ്രതിഷേധത്തിലാണെന്നും തെരഞ്ഞെടുപ്പിൽ അവരുടെ പ്രതിഷേധം പ്രതിഫലിക്കുമെന്നും എം.എൽ.എ പറഞ്ഞു.പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് റജി നായർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം പി റാഫി സ്വാഗതം പറഞ്ഞു.