സദുദ്ദേശത്തോടെ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയില്‍ പാർട്ടിക്ക് ജാഗ്രതകുറവുണ്ടായെന്ന് എ. വിജയരാഘവന്‍
തിരുവനന്തപുരം: സദുദ്ദേശത്തോടെ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയില്‍ പാർട്ടിക്ക് ജാഗ്രതകുറവുണ്ടായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. പാർട്ടിക്ക് തെറ്റുപറ്റിയെന്ന് സംസ്ഥാന സെക്രട്ടറി തന്നെ തുറന്ന് സമ്മതിക്കുകയാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സർക്കാറിൽ പ്രവർത്തിക്കുന്നതും പാർട്ടി നേതാക്കൾ തന്നെയാണെന്നായിരുന്നു അദ്ദേഹത്തിൻെറ മറുപടി. ഏതെങ്കിലും വ്യക്തിക്കോ ഉപദേശകര്‍ക്കോ തെറ്റുപറ്റിയെന്ന് വ്യാഖ്യാനിക്കേണ്ട എന്നും പൊതുവായ ജാഗ്രതക്കുറവാണ് ഉണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു.
പാർട്ടിക്കകത്തും പുറത്തും വലിയ തോതിലുള്ള പ്രതിഷേധത്തിനിടയാക്കിയ പൊലീസ് നിയമ ഭേദഗതി, വലിയ സമ്മർദങ്ങൾക്കൊടുവിൽ സംസ്ഥാന സർക്കാർ പിൻവലിച്ചിരുന്നു. എന്നാൽ, നിയമഭേദഗതിയിൽ വീഴ്ച പറ്റിയതായി പാർട്ടിയോ സർക്കാറോ തുറന്ന് സമ്മതിച്ചിരുന്നില്ല. പുരോഗമന ആശയങ്ങൾ പങ്കുവെക്കുന്നവർ പോലും വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിൽ നിയമഭേദഗതി നടപ്പാക്കില്ലെന്നായിരുന്നു ആദ്യം മുഖ്യമന്ത്രി അറിയിച്ചിരുന്നത്. പിന്നീട് നിയമം പിൻവലിക്കാൻ തയാറാകുകയും നിയമസഭയിൽ ചർച്ച ചെയ്ത് തുടർനടപടി എടുക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ആദ്യമായാണ് പാർട്ടിക്ക് ജാഗ്രതക്കുറവുണ്ടായതായി സി.പി.എം സംസ്ഥാന സെക്രട്ടറി സമ്മതിക്കുന്നത്.
പാര്‍ട്ടിക്ക് ആകെ ഇക്കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടായി. ശരിയായ തീരുമാനം എടുത്തതിനാല്‍ ഇനി ആ ചര്‍ച്ചയും വിവാദവും വേണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.