ആട് ഇടിച്ചതല്ല യുവതിയുടെ മരണം; ഭർത്താവ് അടിവയറ്റിന് ചവിട്ടി കൊന്നു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആശയുടെ അടിവയറ്റിനേറ്റ ചവിട്ടാണ് മരണകാരണമെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് അറസ്റ്റ്.

ഓയൂർ(കൊല്ലം) : വാപ്പാലയിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഓടനാവട്ടം വാപ്പാല പള്ളിമേലതിൽ വീട്ടിൽ അരുൺദാസ് (36) ആണ് അറസ്റ്റിലായത്. കഴിഞ്ഞ നാലിനാണ് അരുൺ ദാസിന്റെ ഭാര്യ ആശ (27) മരിച്ചത്.

 

 

യുവതിയുടെ ബന്ധുക്കൾ മരണത്തിൽ സംശയമുണ്ടെന്ന് ഉന്നതോദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആശയുടെ അടിവയറ്റിനേറ്റ ചവിട്ടാണ് മരണകാരണമെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് അറസ്റ്റ്.

 

പോലീസ് പറയുന്നത്: ദിവസവും മദ്യപിച്ചെത്തി അരുൺ വഴക്കുണ്ടാക്കാറുണ്ട്. ഒക്ടോബർ 31-ന് വഴക്കിനിടെ ആശയുടെ വയറ്റിൽ ചവിട്ടുകയും അവർ അബോധാവസ്ഥയിലാവുകയും ചെയ്തു. നവംബർ ഒന്നിന് താലൂക്ക് ആശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടനിന്ന് മീയണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ആശയെ വീട്ടുകാർ എത്തിച്ചു. ചികിത്സയിലിരിക്കെ മരിച്ചു.

 

 

യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അരുണിനെ പൂയപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. പാറയുടെ മുകളിൽനിന്ന് ആട് ഇടിച്ചിട്ടാണ് പരിക്കേറ്റതെന്നാണ് ആശുപത്രിയിൽ പറഞ്ഞത്. മക്കളായ ഒൻപത് വയസ്സുള്ള അൽബാന്റെയും ഏഴ് വയസ്സുള്ള അലന്റെയും അരുൺദാസിന്റെ അമ്മ എൽസി ദാസിന്റെയും മൊഴിയെടുത്തിരുന്നു. ആശുപത്രിയിൽ നൽകിയ വിവരത്തിലും വീട്ടുകാർ നൽകിയ മൊഴിയിലും വൈരുധ്യം കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.

 

 

ഡിവൈ.എസ്.പി. നസീറിന്റെ നേതൃത്വത്തിൽ പൂയപ്പള്ളി ഇൻസ്പെക്ടർ വിനോദ് ചന്ദ്രൻ, എസ്.ഐ.മാരായ രാജൻബാബു, രതീഷ് കുമാർ, എ.എസ്.ഐ.മാരായ ഉദയകുമാർ, അനിൽകുമാർ, വിജയകുമാർ, വനിതാ സിവിൽ പോലീസ് ഓഫീസർ ജുമൈല എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.