ഊരാളുങ്കൽ ലേബർ സൊസൈറ്റി ആസ്ഥാനത്ത് ഇഡിയുടെ പരിശോധന

കോഴിക്കോട്: സംസ്ഥാനത്തെ പൊതുമരാമത്ത് ജോലികളുടെ പ്രധാന കരാറുകരായ ഊരാളുങ്കൽ ലേബർ സൊസൈറ്റി ഓഫീസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി.

ഊരാളുങ്കലിൻ്റെ കോഴിക്കോട് വടകരയിലെ ഹെഡ് ഓഫീസിലാണ് ഇഡി ഉദ്യോഗസ്ഥർ എത്തിയത്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ഊരാളുങ്കൽ ലേബർ സൊസൈറ്റിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായാണ് ഇഡി വടകരയിലെ ഊരാളുങ്കൽ ഹെഡ് ഓഫീസിൽ എത്തിയതെന്നാണ് വിവരം.

എന്നാൽ ഇഡി ഉദ്യോഗസ്ഥർ ഹെഡ് ഓഫീസിൽ എത്തിയത് ശരിയാണെങ്കിലും റെയ്ഡ് നടത്തിയിട്ടില്ലെന്ന് ഊരാളുങ്കൽ ലേബർ സൊസൈറ്റി അധികൃതർ അറിയിച്ചു. ചില കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ഇഡി ഉദ്യോഗസ്ഥർ മടങ്ങിപ്പോകുകയാണ് ചെയ്തതെന്നും യുഎൽസിസി ഉദ്യോഗസ്ഥർ വ്യക്തമാക്കി.