അനുമതിയില്ലാതെ പ്രകടനം നടത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.

വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും തടസം സൃഷ്ടിക്കുക, ലഹളയുണ്ടാക്കുന്ന വിധം സംഘടിക്കുക, എപ്പിഡമിക് ആക്ട് തുടങ്ങിയ വകുപ്പുകള്‍ ചാര്‍ത്തിയാണ് കേസ്.

മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലെ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച് അനുമതിയില്ലാതെ പ്രകടനം നടത്തിയ മലപ്പുറം മഞ്ചേരിയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കണ്ടാലറിയാവുന്ന നൂറോളം പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് മഞ്ചേരി പോലീസ് കേസെടുത്തത്. മഞ്ചേരിയിലെ പോപ്പുലര്‍ ഫ്രണ്ട് ദേശീയ നേതാവിൻ്റെ വീട്ടില്‍ എന്‍ഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം.

 

ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട്-എസ്ഡി പിഐ പ്രവര്‍ത്തകര്‍ മഞ്ചേരിയില്‍ നടത്തിയ പ്രകടനം.

വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും തടസം സൃഷ്ടിക്കുക, ലഹളയുണ്ടാക്കുന്ന വിധം സംഘടിക്കുക, എപ്പിഡമിക് ആക്ട് തുടങ്ങിയ വകുപ്പുകള്‍ ചാര്‍ത്തിയാണ് കേസ്. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി നടത്തിയ പ്രകടനം നഗരത്തിലെ നാലു റോഡുകളിലും കടന്ന് സീതിഹാജി ബസ് ടെര്‍മിനല്‍ പരിസരത്ത് സമാപിച്ചു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം, ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരം ഉള്‍പ്പടെയുള്ള നേതാക്കളുടെ വസതികളിലും സംസ്ഥാന കമ്മറ്റി ഓഫീസിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധന പ്രതിഷേധാര്‍ഹമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻ്റ് സി പി മുഹമ്മദ് ബഷീര്‍ പ്രസ്താവനയില്‍ പറഞ്ഞു.