സംസ്ഥാനത്തെ അഞ്ചിടങ്ങളില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചു

ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണത്തിന് നാളെ തിരശ്ശീല വീഴും

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചതായി തെര. കമ്മിഷന്‍. സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്നാണ് അഞ്ച് വാര്‍ഡ്/നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.

 

കൊല്ലം പന്മന ഗ്രാമപഞ്ചായത്തിലെ പറമ്പിക്കുളം (5), കോഴിക്കോട് മാവൂര്‍ ഗ്രാമപഞ്ചായത്തിലെ താത്തൂര്‍ പൊയ്യില്‍(11), എറണാകുളം കളമശേരി മുനിസിപ്പാലിറ്റിയില മുനിസിപ്പല്‍ വാര്‍ഡ് (37), തൃശൂര്‍ കോര്‍പറേഷനിലെ പുല്ലഴി (47), കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി (7) എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പാണ് മാറ്റിവച്ചത്.

 

പുതിയ തെരഞ്ഞെടുപ്പ് തിയതി പിന്നീട് അറിയിക്കുമെന്നും കമ്മിഷണര്‍ അറിയിച്ചു.

 

അതിനിടെ, ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണത്തിന് നാളെ തിരശ്ശീല വീഴും. കൊട്ടിക്കലാശം ഒഴിവാക്കിയിട്ടുണ്ട്. ഇതു ലംഘിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ നടപടിയുണ്ടാകും.