പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 11 സ്‌കൂളുകള്‍ കൂടി ഉദ്ഘാടന സജ്ജം

മലപ്പുറം : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ 11 സ്‌കൂളുകള്‍ കൂടി ജനുവരി ആദ്യവാരത്തില്‍ ഉദ്ഘാടനം ചെയ്യും. 5 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ജി എച്ച് എസ് എസ് തുവ്വൂര്‍ (വണ്ടൂര്‍), ജി എച്ച് എസ് എസ് കുഴിമണ്ണ (ഏറനാട്), ഗവ. മാനവേദന്‍ എച്ച് എസ് എസ് എസ് (നിലമ്പൂര്‍), ഗവ. മോഡല്‍ ബോയ്‌സ് എച്ച് എസ് എസ് പെരിന്തല്‍മണ്ണ (പെരിന്തല്‍മണ്ണ) എന്നീ സ്‌കൂളുകളാണ് ഉദ്ഘാടന സജ്ജമായിക്കൊണ്ടിരിക്കുന്നത്. നേരത്തെ ഏഴ് സ്‌കൂളുകള്‍ 5 കോടി ചെലവില്‍ നിര്‍മ്മിച്ചവ ഉദ്ഘാടനം ചെയ്തിരുന്നു. താനൂര്‍ ദേവധാര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, പി സി എന്‍ ജി എച്ച് എസ് എസ് മൂക്കുതല, ജി എച്ച് എസ് എസ് പുറത്തൂര്‍, ജി എച്ച് എസ് എസ് മക്കരപറമ്പ, ജി എച്ച് എസ് നെടുവ, ജി ബി വി എച്ച് എസ് എസ് വേങ്ങര, ജി എച്ച് എസ് എസ് പാണ്ടിക്കാട് എന്നിവയാണവ.

മൂന്നു കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പത്ത് സ്‌കൂളുകള്‍ നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിനു പുറമേ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ജി എച്ച് എസ് എസ് പുലാമന്തോള്‍ , ജി എച്ച് എസ് എസ് കുന്നക്കാവ്, വണ്ടൂര്‍ മണ്ഡലത്തിലെ ജി എച്ച് എസ് എസ് കരുവാരക്കുണ്ട്, ജി എച്ച് എസ് എസ് തിരുവാലി, ജി എച്ച് എസ് അഞ്ചച്ചവിടി എന്നീ സ്‌കൂളുകളും ജനുവരിയില്‍ ഉദ്ഘാടനം ചെയ്യും. കൂടാതെ പ്ലാന്‍ ഫണ്ട് അനുവദിച്ച കൊണ്ടോട്ടി മണ്ഡലത്തിലെ ജി എം യു പി എസ് മൊറയൂര്‍, കോട്ടക്കല്‍ മണ്ഡലത്തിലെ ജി എല്‍ പി എസ് പറങ്കിമൂച്ചിക്കല്‍ എന്നീ സ്‌കൂളുകളും ജനുവരിയില്‍ ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്താകെ 141 സ്‌കൂളുകള്‍ക്ക് 5 കോടി രൂപ വിതം അനുവദിച്ചപ്പോള്‍ ജില്ലയില്‍ 16 സ്‌കൂളുകള്‍ക്കാണ് 5 കോടി ലഭിച്ചത്. ആയിരത്തില്‍പരം കുട്ടികള്‍ പഠിക്കുന്ന മുഴുവന്‍ സ്‌കൂളുകള്‍ക്കും 3 കോടി രൂപ വീതം അനുവദിച്ചപ്പോള്‍ സംസ്ഥാനത്ത് 366 സ്‌കൂളുകള്‍ക്ക് 3 കോടിയും ജില്ലയില്‍ 86 സ്‌കൂളുകള്‍ക്ക് 3 കോടിയും ലഭിച്ചു. 500 ല്‍ പരം കുട്ടികള്‍ പഠിക്കുന്ന മുഴുവന്‍ സ്‌കൂളുകള്‍ക്കും 1 കോടി രൂപ അനുവദിച്ചപ്പോള്‍ സംസ്ഥാനത്ത് 444 സ്‌കൂളുകള്‍ക്ക് ഫണ്ട് ലഭിച്ചപ്പോള്‍ മലപ്പുറം ജില്ലയില്‍ 66 സ്‌കൂളുകള്‍ക്കാണ് 1 കോടി രൂപയാണ് കിഫ്ബിയില്‍ നിന്നും അനുവദിച്ചത്. കൂടാതെ 70 ഓളം സ്‌കൂളുകള്‍ക്ക് കേരള സര്‍ക്കാറിന്റെ പ്ലാന്‍ ഫണ്ടും അനുവദിച്ചിട്ടുണ്ട്. ഇവയുടെ നിര്‍മ്മാണവും പുരോഗമിച്ചുകൊണ്ടിരിക്കയാണ്.

കൂടാതെ 8 മുതല്‍ 12 വരെ ക്ലാസുകള്‍ സംസ്ഥാനത്താകെ സ്മാര്‍ട്ടാക്കി മാറ്റിയപ്പോള്‍ ജില്ലയില്‍ 6800 ക്ലാസ് റൂമുകള്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകളായി മാറി. 1276 പ്രൈമറി സ്‌കൂളുകള്‍ക്ക് ഐ ടി ലാബുകള്‍ ജില്ലയില്‍ അനുവദിക്കുകയുണ്ടായി. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ ലഭിച്ച ജില്ല മലപ്പുറമാണെന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ. ഓര്‍ഡിനേറ്റര്‍ എം മണി അറിയിച്ചു.