ഞാൻ വിളിക്കുമ്പം പറന്നു വരും… പാട്ടുംപാടി ജയിക്കാൻ രാജേന്ദ്രബാബു
ആനക്കയം: പഞ്ചായത്തിലെ ശ്രദ്ധേയമായ മത്സരം നടക്കുന്ന ഏഴാം വാർഡിൽ പാട്ടും പാടി വോട്ടഭ്യർത്ഥിച്ച് സ്ഥാനാർത്ഥി. എൽ.ഡി.എഫ് സ്ഥാനാർഥിയായ രാജേന്ദ്രകുമാർ എന്ന ബാബുവാണ് സ്വന്തം തെരഞ്ഞെടുപ്പു പ്രചാരണ ഗാനം ആലപിച്ച് ശ്രദ്ധേയനാവുന്നത്. ‘അങ്ങാടി’ സിനിമയിൽ യേശുദാസ് ആലപിച്ച് കുതിരവട്ടം പപ്പുവും അംബികയും കുഞ്ചനുമെല്ലാം അഭിനയിച്ചു തകർത്ത ‘‘പാവാട വേണം മേലാട വേണം’’ എന്ന ഗാനത്തിെൻറ ഈണത്തിൽ ‘‘അമ്മായിമാരെ ചങ്ങായിമാരെ പുന്നാര നാട്ടാരേ…’’ എന്നു സ്നേഹം നിറഞ്ഞ ശബ്ദത്തിൽ ബാബു തന്നെ പാടുമ്പോൾ വോട്ടു കൊടുക്കാതിരിക്കാൻ കഴിയില്ലെന്നു നാട്ടുകാരും അഭിപ്രായപ്പെടുന്നു.
ഒന്നാം ക്ലാസ്സ് മുതൽ ഒരുമിച്ചു പഠിച്ച ബാംഗ്ലൂരിൽ സോഫ്റ്റ് വെയർ എഞ്ചിനീയറും എഴുത്തുകാരനുമായ അഡ്വ. പി. ജൈമിനിയാണ് ബാബുവിന് വേണ്ടി വരികൾ എഴുതിയത്. തൊട്ടടുത്ത ആറാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷീബ കുന്നത്തിന് വേണ്ടി ‘‘താമരപ്പൂങ്കാവനത്തിൽ താമസിക്കുന്നോരേ…’’ എന്ന ഈണത്തിൽ ‘‘ചന്തമേറും പന്തലൂരിൽ താമസിക്കുന്നോരെ, ഉള്ളിലൂറും നന്മയോടെ പുഞ്ചിരിക്കുന്നോരെ’’ എന്ന പാട്ടും ഇവർ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ബാബു തന്നെയാണ് ആലാപനം.
ബിരുദ പഠനകാലത്ത് മഞ്ചേരി എൻ.എസ്.എസ് കോളജിൽ ഫൈൻ ആർട്സ് ക്ലബ് സെക്രട്ടറിയായിരുന്ന രാജേന്ദ്രബാബു ജില്ലാ-സംസ്ഥാന കലാമത്സരങ്ങളിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പന്തലൂർ ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരനായ ബാബു സി.പി.ഐ പന്തലൂർ ലോക്കൽ സെക്രട്ടറിയും എ.ഐ.വൈ.എഫ് ജില്ലാ എക്സിക്യുട്ടിവ് അംഗവുമാണ്. വർഷങ്ങളായി പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയർ പ്രവർത്തകനും അതിെൻറ പഞ്ചായത്ത് വൈസ് പ്രസിഡൻറുമാണ്. സംസ്ഥാന സർക്കാർ പന്തലൂരിൽ രണ്ട് കോടി രൂപ അനുവദിച്ച കാക്കറത്തോട് പദ്ധതിയുടെ ചെയർമാൻ, പന്തലൂർ ഹയർസെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടന സെക്രട്ടറി, വായനശാല പ്രവർത്തകൻ എന്നിങ്ങനെ നിരവധി മേഖലകളിലെ പ്രവർത്തനങ്ങളിലൂടെ നാട്ടുകാർക്ക് സുപരിചിതനാണ് ബാബു. അരിവാൾ ധാന്യക്കതിർ അടയാളത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയെ നെഞ്ചേറ്റാനൊരുങ്ങിയിരിക്കുകയാണ് നാട്.