സ്വർണക്കടത്തു കേസിലെ ആരോപണങ്ങളിൽ വിശദീകരണവുമായി സ്പീക്കർ
തെറ്റായ ഒരു വാർത്ത എവിടെനിന്നോ രൂപപ്പെടുന്നു, അത് പിന്നീട് എല്ലാവരും ഏറ്റെടുക്കുന്നു എന്ന രീതിയാണ് കാണുന്നത്.
തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ ആരോപണങ്ങളിൽ വിശദീകരണവുമായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
സ്വർണ്ണ കള്ളക്കടത്തുകേസിലെ പ്രതികളുമായിട്ട് ഒരിക്കൽപ്പോലും യാത്ര ചെയ്യാനോ വിദേശത്ത് കണ്ടുമുട്ടാനോ ഉള്ള സാഹചര്യം ഉണ്ടായിട്ടില്ല. ഇത് തീർത്തും തെറ്റാണ്. തെറ്റായ ഒരു വാർത്ത എവിടെനിന്നോ രൂപപ്പെടുന്നു, അത് പിന്നീട് എല്ലാവരും ഏറ്റെടുക്കുന്നു എന്ന രീതിയാണ് കാണുന്നത്. രാഷ്ട്രീയമായ വിവാദങ്ങളിലേക്കും ആരോപണ പ്രത്യാരോപണങ്ങളിലേക്കും ഭരണഘടനാ സ്ഥാപനത്തെ വലിച്ചിഴയ്ക്കുന്നത് ശരിയായ ഒരു കാര്യമല്ലെന്ന് ശ്രീരാമകൃഷ്ണൻ പറയുന്നു.
സ്വർണക്കടത്തുമായി ബന്ധമുള്ള ഭരണഘടനാ പദവി വഹിക്കുന്ന ഉന്നതൻ ശ്രീരാമകൃഷ്ണനാണെന്ന് ആരോപണം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി അദ്ദേഹം എത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ഔദ്യോഗിക സ്വഭാവമുള്ള യാത്രകൾക്കെല്ലാം നിയമപരമായ എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചുതന്നെയാണ് പോയിട്ടുള്ളത്. ഔദ്യോഗികപരമായ കാര്യങ്ങൾ ക്കുള്ള യാത്രയുടെ ചെലവ് മാത്രമേ സർക്കാരിൽനിന്ന് ഉപയോഗിച്ചിട്ടുള്ളൂവെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
തിരുവനന്തപുരം സ്വർണ്ണ കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന വാർത്ത തീർത്തും അടിസ്ഥാനരഹിതവും അവിശ്വസനീയവുമാണ്. സ്പീക്കറെയും സ്പീക്കറുടെ ഓഫീസിനെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഇത്തരം ഒരു പ്രചരണം വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്തതാണ്.-
കഴിഞ്ഞ അഞ്ചുമാസമായിട്ട് വിവിധ ഏജൻസികൾ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസിന്റെ പ്രത്യേക സന്ദർഭത്തിലാണ് ഇങ്ങനെ ഒരു വ്യാഖ്യാനം ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇത് വസ്തുതകളുമായി യാതൊരുബന്ധവുമില്ല എന്ന് അറിയിക്കാൻ ആഗ്രഹിക്കുന്നു. വാർത്തകളിൽ പറഞ്ഞുകൊണ്ടിരിക്കുന്ന ഊഹാപോഹങ്ങൾ പോലെയുള്ള കാര്യങ്ങൾ ശരിയല്ല. നേരത്തെതന്നെ വിദേശയാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചതാണ്. വിദേശത്തുള്ള എല്ലാത്തരം സംഘടനകളുടെയും നിരന്തരമായ ക്ഷണം സ്വീകരിച്ച് പോകാൻ നിർബന്ധിക്കപ്പെട്ട യാത്രകളാണ് ഭൂരിഭാഗവും. മാത്രമല്ല, സഹോദരങ്ങൾ വിദേശത്തായതിനാൽ കുടുംബപരമായ യാത്രകളും അനിവാര്യമായിരുന്നു.
വിദേശയാത്രകളുമായി ബന്ധപ്പെട്ട് പുകമറ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അതിലൊന്നും ഒളിച്ചുവയ്ക്കേണ്ട കാര്യമില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നേരത്തെ തന്നെ സ്പീക്കറുടെ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദാംശങ്ങൾ വേണമെന്നുണ്ടെങ്കിൽ അത് ഓഫീസിൽ ലഭ്യമാണ്. യാത്രകൾ ബന്ധപ്പെട്ട എംബസിയെ അറിയിക്കാറുമുണ്ട്.
വിദേശത്തുള്ള വിവിധ സംഘടനകളും സാംസ്കാരിക സംഘടനകളും ക്ഷണിക്കുന്ന പരിപാടികൾക്ക് അവരുടെ നേതൃത്വത്തിലാണ് യാത്ര. ഇക്കാര്യത്തിലും അവ്യക്തതയില്ല.വസ്തുതാപരമല്ലാത്ത ആരോപണ പ്രചരണങ്ങൾ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നെന്നും സ്പീക്കറുടെ ഓഫീസ് പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ പറയുന്നു.