മിനി ലോറികൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു

ഓച്ചിറ: മിനിലോറിയും ഒഴിഞ്ഞ പാചകവാതക സിലിണ്ടർ കയറ്റിവന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ച് 5 പേർക്കു പരുക്ക്. മിനിലോറിയിലെ രണ്ടുപേരുടെ പരുക്കു ഗുരുതരമാണ്. ഇടിയുടെ ആഘാതത്തിൽ ടയറുകൾ പൊട്ടിത്തെറിച്ചു നിയന്ത്രണം വിട്ട ലോറി ദേശീയപാതയ്ക്കു കുറുകെ മറിഞ്ഞു. പുക ഉയരുകയും സിലിണ്ടറുകൾ തെറിക്കുകയും ചെയ്തതോടെ സമീപവാസികൾ ഭീതിയിലായി. 2 മണിക്കൂറോളം ദേശീയപാത ഗതാഗതക്കുരുക്കിലുമായി.

ഇന്നലെ 7.30നു ദേശീയപാതയിൽ വലിയകുളങ്ങര നാട്ടുവാതുക്കൽ ചന്ത ജംക്‌ഷനിലായിരുന്നു അപകടം. മിനിലോറിയിലെ ഡ്രൈവർ തൃശൂർ സ്വദേശി ജിജോ തോമസ് (50), ക്ലീനർ തൃശൂർ സ്വദേശി സുജിൽ (19) എന്നിവർക്കാണു സാരമായി പരുക്കേറ്റത്. ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീടു തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

ലോറി ഡ്രൈവർ പാരിപ്പള്ളി കാപ്പിൽ വിള വീട്ടിൽ ഷാലും (31), ക്ലീനർ പാരിപ്പള്ളി സ്വദേശി അഭിലാഷ് (21), സഹായി പാരിപ്പള്ളി സ്വദേശി ബിനു (20) എന്നിവരാണു പരുക്കേറ്റ മറ്റുള്ളവർ. ഐഒസിയുടെ ഓച്ചിറ ഏജൻസി ഗോ‍ഡൗണിൽ നിന്നു സിലിണ്ടറുമായി പാരിപ്പള്ളി പ്ലാന്റിലേക്കു പോകുകയായിരുന്നു ലോറി. മിനിലോറി തൃശൂരിലേക്കു പോകുകയായിരുന്നു. ഓച്ചിറ പൊലീസ്, കരുനാഗപ്പള്ളിയിൽനിന്ന് എത്തിയ അഗ്നിരക്ഷാസേന എന്നിവരുടെ നേതൃത്വത്തിൽ ലോറിയും സിലിണ്ടറുകളും റോഡിൽനിന്നു മാറ്റി. മിനിലോറി പൂർണമായും തകർന്നു. ഓച്ചിറ പൊലീസ് കേസെടുത്തു.