സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ യുവതിയുടെ ഗർഭം അലസിപ്പോയി.

തിരുവനന്തപുരം: സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ യുവതിയുടെ ഗർഭം അലസിപ്പോയി. വിഴിഞ്ഞം സ്വദേശിനിയായ ഷീബയ്ക്കാണ് സിപിഎം പ്രവർത്തർ വീട് കയറി നടത്തിയ ആക്രമണത്തിൽ ഗർഭസ്ഥ ശിശുവിനെ നഷ്ടമായത്.

ഇന്നലെ വിഴിഞ്ഞത്തെ സിപിഎം ബൂത്ത് ഓഫീസ് ആക്രമിക്കപ്പെട്ടിരുന്നു. ഈ ആക്രമണത്തിൽ പ്രകോപിതരായാണ് സിപിഎം പ്രവർത്തകർ കോൺ​ഗ്രസ് പ്രവ‍ത്തർകൻ്റെ വീട് കയറി ആക്രമിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറിയ സിപിഎം പ്രവ‍ർത്തകർ തന്നെ മ‍ർദ്ദിച്ചതായി ഷീബ ആരോപിച്ചിരുന്നു.

ഇന്നലെയാണ് ഷീബയ്ക്ക് മ‍ർദ്ദനമേറ്റത്. ഇന്ന് രാവിലെ ആരോ​ഗ്യനില വഷളായതിനെ തുട‍ർന്ന് ഇവരെ  വിഴിഞ്ഞത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രക്തസ്രവമുണ്ടായതിനെ തുട‍ർന്ന് പിന്നീട് ഇവരെ തൈക്കാട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം 4 മണിക്ക് കോൺഗ്രസ് വിഴിഞ്ഞത് പ്രതിഷേധ പരിപാടിക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്.