യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന് എം എം ഹസന്‍

കാസര്‍കോട്: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന്‍ അടക്കമുള്ള സംവിധാനങ്ങള്‍ പിരിച്ചുവിടുമെന്ന് കണ്‍വീനര്‍ എം എം ഹസന്‍. തദ്ദേശ സ്ഥാപനങ്ങളുടെ അധികാര പരിധിയില്‍ വരുന്നതാണ് ഭവന നിര്‍മാണമുള്‍പ്പെടെയുള്ള പദ്ധതികള്‍. ഇതില്‍ കൈകടത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. യുഡിഎഫ് ഭരണം നേടിയാല്‍ ഈ സംവിധാനങ്ങള്‍ പിരിച്ച് വിട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്ന രീതിയില്‍ പദ്ധതികള്‍ നടപ്പാക്കുമെന്നും ഹസന്‍ വ്യക്തമാക്കി.

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിരപരാധിയാണെന്ന് തെളിയേണ്ടത് നിഷ്പക്ഷ അന്വേഷണത്തിലൂടെയാണെന്നും ഹസന്‍ ചൂണ്ടിക്കാട്ടി. സ്പീക്കറുടെത് വിചിത്രമായ മറുപടിയാണ്. ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും പേരുള്ള സ്പീക്കര്‍ക്ക് ധാര്‍മ്മികതയുടെ ഒരംശം പോലും ഇല്ല.

 

മുഖ്യമന്ത്രിയും സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാക്കളും പ്രചാരണങ്ങളില്‍ പങ്കെടുക്കാത്തത് പരാജയഭീതി മൂലമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഭയം കൊറോണയെ അല്ല ജനങ്ങളെയാണെന്നും ഹസന്‍ ആരോപിച്ചു.