ഈ സർക്കാരിനെ കാലിൽ പിടിച്ച് പുറത്തെറിയണമെന്ന് സുരേഷ് ഗോപി എം.പി

കേരളത്തിലെ പ്രതിപക്ഷം പാവമാണ്. ഇല്ലെങ്കിൽ ആദ്യ പ്രളയത്തിനു ശേഷം തന്നെ സർക്കാരിനെയെടുത്ത് പുറത്തു കളഞ്ഞേനെ'- അദ്ദേഹം പറഞ്ഞു.

കണ്ണൂർ: ഇത്രയും മോശപ്പെട്ട ഒരു ഭരണം കേരളത്തിലെന്നല്ല ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഉണ്ടായിട്ടില്ലെന്നും ഈ സർക്കാരിനെ എടുത്ത് കാലിൽ പിടിച്ച് പുറത്തെറിയണമെന്നും സുരേഷ് ഗോപി എം.പി. തളാപ്പിൽ കണ്ണൂർ കോർപ്പറേഷനിലെ എൻ.ഡി.എ.സ്ഥാനാർഥികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

‘തട്ടിപ്പും വെട്ടിപ്പും കൊള്ളയുമാണ് സർക്കാരിന്റെ മുഖമുദ്ര. ഇത്തരം സർക്കാരിനെതിരെ പ്രതികരിക്കാനുള്ള അവസരമാണ് തിരഞ്ഞെടുപ്പ്. കേരളത്തിലെ പ്രതിപക്ഷം പാവമാണ്. ഇല്ലെങ്കിൽ ആദ്യ പ്രളയത്തിനു ശേഷം തന്നെ സർക്കാരിനെയെടുത്ത് പുറത്തു കളഞ്ഞേനെ’- അദ്ദേഹം പറഞ്ഞു.

 

‘വിശ്വാസികളെ വേദനിപ്പിച്ച സർക്കാരാണിത്. അത്തരത്തിൽ മൂന്നാം മണ്ഡലകാലമാണിത്. എല്ലാത്തിനും ഒരു തീർത്തെഴുത്തുണ്ടാകും എന്നു തന്നെയാണ് കരുതുന്നത്. പത്ത് ബി.ജെ.പി. എം.എൽ.എ.മാർ നിയമസഭയിൽ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് ഈ അവസരത്തിൽ ചിന്തിച്ചു പോകുന്നു’. വരും കാലത്ത് മാറ്റങ്ങൾ ഉണ്ടാവുക തന്നെ ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു.

 

ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി, സംസ്ഥാന സെക്രട്ടറിമാരായ കെ.രഞ്ജിത്ത്, എസ്.സുരേഷ്, ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ്, ബിജു ഏളക്കുഴി, സ്ഥാനാർഥികൾ എന്നിവർ പങ്കെടുത്തു.