സമൂഹ മാധ്യമങ്ങൾ വഴി പെൺകുട്ടികളെ വലയിൽ വീഴ്ത്തി ലൈംഗികചൂഷണം നടത്തിയ പൊന്നാനി സ്വദേശി പിടിയിൽ.
കൊണ്ടോട്ടി: സമൂഹ മാധ്യമങ്ങൾ വഴി പെൺകുട്ടികളെ വലയിൽ വീഴ്ത്തി ലൈംഗികചൂഷണം നടത്തുന്ന യുവാവ് പിടിയിൽ. പൊന്നാനി ടി.ബി ആശുപത്രി ബീച്ചിൽ മാറാപ്പിെൻറകത്ത് വീട്ടിൽ ജാബിറാണ് (21) കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്.
അച്ഛനില്ലാത്ത 16 വയസ്സുകാരിയെ വീട്ടിൽ നിന്ന് കാണാനില്ലെന്ന് പറഞ്ഞ് കൊണ്ടോട്ടി സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയായ ജാബിർ ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയെ പരിചയപ്പെടുന്നത്.
കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയതോടെ പൊലീസ് പെൺകുട്ടിയുടെ നമ്പറിൽ ബന്ധപ്പെടുകയും കോട്ടക്കലിൽ നിന്ന്കണ്ടെത്തുകയുമായിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. മലപ്പുറം സൈബർ പൊലീസിെൻറ സഹായത്തോടെ നടത്തിയ നീക്കത്തിനൊടുവിൽ പൊന്നാനി ബീച്ചിൽ വെച്ചാണ് ഇയാൾ പിടിയിലായത്.
പ്രതിയുടെ ഫോൺ പരിശോധിച്ചപ്പോൾ 12നും 17 നുമിടയിൽ പ്രായമുള്ള നിരവധി പെൺകുട്ടികളുടെ വിലാസവും നഗ്നഫോട്ടോകളും വിഡിയോകളും കണ്ടെടുത്തു. സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഡി.പി ഫോട്ടോകളിൽ കൃത്രിമം നടത്തി പെൺകുട്ടികളെ വശീകരിച്ച് നഗ്നഫോട്ടോകൾ കൈക്കലാക്കുകയും പീഡനത്തിനിരയാക്കലുമാണ് പതിവ്.
കൂടാതെ സ്വർണാഭരണങ്ങളും പണവും കൈക്കലാക്കി. നഗ്നവിഡിയോകൾ ഇൻറർനെറ്റിൽ അപ്ലോഡ് ചെയ്താൽ വൻതുക ലഭിക്കുമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് നിരവധി ഫോട്ടോകളും വിഡിയോകളും വിവിധ സൈറ്റുകളിലേക്ക് അപ്ലോഡ് ചെയ്തത്.
തെക്കൻ ജില്ലകളിലെ 12 മുതൽ 18 വയസ്സുള്ള നിരവധി പെൺകുട്ടികളെ ഇയാൾ വലവീശി സൗഹൃദത്തിലാക്കിയിട്ടുണ്ട്. കൊണ്ടോട്ടി സ്വദേശിനിയായ മറ്റൊരു 14കാരിയെ ബലാത്സംഗം ചെയ്തതായും പ്രതി സമ്മതിച്ചു.
ടിക് ടോക് മെസേജിലൂടെയാണ് പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. സോഷ്യൽ മീഡിയയിലെ ഗ്രൂപ്പുകളിൽ തിരഞ്ഞ് ഡി.പിയിൽ ചിത്രങ്ങളിട്ട പെൺകുട്ടികളെ നോക്കിയാണ് ഇയാൾ സൗഹൃദം തേടുന്നത്. പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊണ്ടോട്ടി സി.ഐ കെ.എം. ബിജു, എസ്.ഐ വിനോദ് വലിയാട്ടൂർ, സതീഷ് നാഥ്, അബ്ദുൽ അസീസ്, മുസ്തഫ, രതീഷ്, സ്മിത എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ജാബിർ കെണിയൊരുക്കിയത് ഇൻസ്റ്റഗ്രാം വഴിയും ടിക്ടോക് പോലെയുള്ള മറ്റ് വിഡിയോ ആപ്പുകൾ വഴിയും. കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസുകൾ വഴി പഠിക്കുന്ന പെൺകുട്ടികളെയാണ് ഇയാൾ പ്രധാനമായും കെണിയിൽ വീഴ്ത്തിയിരുന്നത്.
സുന്ദരനാണെന്ന് കാണിക്കാൻ ഫോട്ടോയിൽ കൃത്രിമം കാണിച്ചാണ് ജാബിർ പെൺകുട്ടികളെ പരിചയപ്പെട്ടത്. സ്വർണവും കൈക്കലാക്കി. മറ്റൊരു 14കാരിയെ ബലാത്സംഗം ചെയ്ത ശേഷം ഭീഷണിപ്പെടുത്തി നിരവധി നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ അയപ്പിച്ച് വിവിധ സൈറ്റുകളിലേക്ക് അപ്ലോഡ് ചെയ്തതായി ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.