പറപ്പൂര്‍ റൂറല്‍ കോ.ഓപ്പ. സൊസൈറ്റിയിലെ തട്ടിപ്പുകളെകുറിച്ച് വിശദമായ അന്വേഷണം വേണം – യുഡിഎഫ്
സാമ്പത്തിക തട്ടിപ്പു കേസില്‍ സൊസൈറ്റിയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും പങ്കാളിത്തമുണ്ട്. ഈ സൊസൈറ്റിയിലെ രണ്ട് അംഗങ്ങള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്യുന്നു.
മലപ്പുറം : പറപ്പൂര്‍ വീണാലുക്കലില്‍ പ്രവര്‍ത്തിക്കുന്ന റൂറല്‍ കോ. ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി മുഴുവന്‍ കുറ്റക്കാരെയും ശിക്ഷിക്കണമെന്ന് പറപ്പൂര്‍ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സിപിഎം നിയന്ത്രണത്തിലുള്ള ഈ സൊസൈറ്റിയില്‍ നടത്തിയ എട്ട് കോടിയുടെ സാമ്പത്തിക ക്രമക്കേടുകള്‍ മറച്ചു വെക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തലത്തിലും ശ്രമം നടക്കുന്നത്. നൂറുകണക്കിന് പാവങ്ങളെ വഴിയാധാരമാക്കിയ ഈ സാമ്പത്തിക തട്ടിപ്പു കേസില്‍ സൊസൈറ്റിയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും പങ്കാളിത്തമുണ്ട്. ഈ സൊസൈറ്റിയിലെ രണ്ട് അംഗങ്ങള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്യുന്നു.
സാമ്പത്തിക തട്ടിപ്പ് പുറത്തറിഞ്ഞതുമുതല്‍ നിക്ഷേപകര്‍ നേരിട്ടെത്തി ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെടുത്തുകയാണ് സൊസൈറ്റി ഭാരവാഹികള്‍ ചെയ്യുന്നത്. നിക്ഷേപകര്‍ക്ക് തുക മടക്കി നല്‍കാനോ അവരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മടക്കി നല്‍കാനോ ഇതുവരെയും യാതൊരു നടപടിയും സ്വീകരിച്ചിട്ടുമില്ല. സിപിഎം ജില്ലാ നേതാക്കളുടെ അറിവോടെ നാലു വര്‍ഷത്തോളമായി തുടരുന്ന തട്ടിപ്പ് പ്രതികളിലൊരാള്‍ വെളിപ്പെടുത്തിയതോടെ തുടര്‍ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് നിര്‍ത്തിവെപ്പിക്കുകയാണ് ചെയ്തതെന്നും നേതാക്കള്‍ തുടര്‍ന്നു പറഞ്ഞു.കൊള്ളയടിച്ച തുക പാര്‍ട്ടി ഓഫീസുകള്‍ മോടി പിടിപ്പിക്കാനും നേതാക്കളുടെ ബിസിനസ്സ് വിപുലപ്പെടുത്താനുമാണ് വിനിയോഗിച്ചതെന്നും യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.
തട്ടിപ്പ് നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വത്തിലും കോണ്‍ഗ്രസും, ലീഗും വ്യത്യസ്തമായും നിരവധി സമരങ്ങള്‍ നടത്തിയിരുന്നു.തട്ടിപ്പ് നടത്തിവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതുവരെ യുഡിഎഫ് സമരം തുടരുമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ യുഡിഎഫ് നേതാക്കളായ മൂസ്സ ടി എടപ്പാനാട്, ടി പി അഷ്‌റഫ്, വി എസ് ബഷീര്‍, സി അയമതു മാസ്റ്റര്‍, ഇ കെ സുബൈര്‍ എന്നിവര്‍ പങ്കെടുത്തു.