പി വി അന്‍വര്‍ എംഎല്‍എയെ വാഹനം തടഞ്ഞ് കൈയേറ്റം ചെയ്‌തെന്നു പരാതി

നിലമ്പൂര്‍: പി വി അന്‍വര്‍ എംഎല്‍എയെ വാഹനം തടഞ്ഞ് കൈയേറ്റം ചെയ്‌തെന്നു പരാതി. പോത്തുകല്‍ പഞ്ചായത്തിലെ അപ്പന്‍കാപ്പ് കോളനിക്കു സമീപത്തെ മേലെ മുണ്ടേരിക്ക് സമീപം അബ്ദു എന്നയാളും മകനും 30ഓളം പേരും ചേര്‍ന്ന് ആക്രമണം നടത്തിയെന്നാണു പരാതി. കോണ്‍ഗ്രസ്-യുഡിഎഫ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്നാണ് ആരോപണം. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. എംഎല്‍എയുടെ ഔദ്യോഗിക വാഹനത്തില്‍ പ്രദേശത്തെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പം ഒരു രോഗിയെ സന്ദര്‍ശിക്കാന്‍ പോവുന്നതിനിടെ ബൈക്ക് മുന്നിലിട്ട് സഞ്ചാര സ്വാതന്ത്രൃം തടസ്സപ്പെടുത്തി ആക്രമിച്ചെന്നാണ് കേസ്. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തുകയും പി വി അന്‍വര്‍ എംഎല്‍എയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി പോത്തുകല്‍ പോലിസ് സിറ്റി സ്ക്കാൻ കേരള ന്യൂസിനോട് പറഞ്ഞു.

വെള്ളിയാഴ്ച രാത്രി 11ഓടെയാണ് സംഭവം. ഐപിസി 143, 147,148 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി പ്രവര്‍ത്തകര്‍ പുലര്‍ച്ചെ ഒരു മണിക്ക് പോത്തുകല്ലില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇന്ന് രാവിലെ എല്ലാ വാര്‍ഡുകളിലും പ്രതിഷേധ പ്രകടനങ്ങളും നടത്താനും ആഹ്വാനം ചെയ്തിട്ടുണ്ട്. നിലമ്പൂരിലെ ജനങ്ങള്‍ പതിനോരായിരത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ച ജനപ്രതിനിധിയാണു ഞാനെന്നും എനിക്ക് രാത്രി പത്ത് കഴിഞ്ഞാല്‍ എന്റെ മണ്ഡലത്തിലൂടെ സഞ്ചാര സ്വാതന്ത്ര്യമില്ലേയെന്നും പി വി അന്‍വര്‍ ചോദിച്ചു. ‘മുണ്ടേരി ആര്യാടന്റെ തട്ടകമാണെന്ന് അറിയില്ലേ. ഇവിടെ നിന്ന് ജീവനോടെ പോവില്ല’ എന്ന വധഭീഷണിയും മുഴക്കിയായിരുന്നു ആര്യാടന്റെ കൂലി പട്ടാളത്തിന്റെ ആക്രമണം. നിന്നെയൊന്നും ഭയന്ന് ഒരിഞ്ച് പിന്നോട്ട് മാറില്ല. പരാജയഭീതി ഉണ്ടെങ്കില്‍ അക്രമമാവരുത് മറുപടി. കാലം മാറി. ജനങ്ങള്‍ ഇന്ന് എനിക്കൊപ്പമുണ്ട്. ഓര്‍ത്താല്‍ നന്ന് എന്നും പി വി അന്‍വര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. വാഹനം തടഞ്ഞ് ആക്രമിക്കുന്നതെന്ന് പറഞ്ഞ് വീഡിയോയും അപ് ലോഡ് ചെയ്തിട്ടുണ്ട്.

https://www.facebook.com/710623775654919/posts/3891223690928229/