മുജീബ് കാടേരി വിജയിച്ചു മുനിസിപ്പല്‍ ചെയര്‍മാനാകാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥി

മലപ്പുറം ജില്ലയിലെ മേല്‍മുറി ആലത്തൂര്‍പടി സ്വദേശി. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് വന്ന് 2000-2001 വര്‍ഷം മലപ്പുറം ഗവ. കോളേജില്‍ നിന്നും ചെയര്‍മാനായി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി. മലപ്പുറം ഗവ. കോളേജില്‍ നിന്നും ഡിഗ്രി പൂര്‍ത്തിയാക്കിയ മുജീബ് കേരളത്തിലെ പ്രശസ്തമായ കൊല്ലം ടി കെ എം എഞ്ചിനിയറിംഗ് കോളേജില്‍ നിന്നും എം ബി എ ബിരുദം പൂര്‍ത്തിയാക്കി. 16 വര്‍ഷത്തോളമായി ഐ ടി സോഫ്റ്റ് വെയര്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു വരുന്നു. യുവജന രാഷ്ട്രീയ പ്രവര്‍ത്തന രംഗത്ത് മലപ്പുറം നിയോജക മണ്ഡലം ജോയിന്റ് സെക്രട്ടറി, ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ച് നിലവില്‍ യൂത്ത് ലീഗിന്റെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുന്നു.

പാരമ്പര്യമായി തന്നെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ കുടുംബപശ്ചാത്തലത്തിലാണ് മുജീബിന്റെ ജനനം. പിതാവ് മലപ്പുറം മുനിസിപ്പല്‍ വൈസ് ചെയര്‍മാനായിരുന്ന കാടേരി അബ്ദുല്‍ അസീസും, മാതാവ് മുസ്്‌ലീം ലീഗ് ദേശീയ സെക്രട്ടറിയും പാര്‍ലിമെന്റ് അംഗമായ ഇ ടി മുഹമ്മദ് ബഷീറിന്റെ സഹോദരി പരേതയായ ഇ ടി സഫിയയുമാണ്.

സ്‌കൂള്‍ – കോളേജ് പഠന കാലത്ത് പ്രസംഗ, പ്രബന്ധ മത്സരങ്ങളില്‍ സംസ്ഥാനതലത്തില്‍ നടന്ന നിരവധി മത്സരങ്ങളില്‍ ജേതാവായിരുന്നു. കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റര്‍സോണ്‍ കലോത്സവത്തില്‍ പ്രസംഗ മത്സരത്തില്‍ വിജയിയായത് ഉള്‍പ്പെടെ നിരവധി മത്സരങ്ങളില്‍ ജേതാവായിട്ടുണ്ട്. മുസ്്‌ലീംലീഗ് രാഷ്ട്രീയത്തിലെ യുവജന നേതാക്കള്‍ക്കിടയില്‍ മികച്ച പ്രഭാഷകനെന്നും പ്രഗത്ഭനായ സംഘാടകനെന്ന പേരിലും അറിയപ്പെടുന്നു.

പൊതു തെരഞ്ഞെടുപ്പ് രംഗങ്ങളില്‍ സമീപകാലത്ത് നടന്ന പ്രധാനപ്പെട്ട പല തെരഞ്ഞെടുപ്പുകളുടെയും ചുമതല പാര്‍ട്ടി ഏല്‍പ്പിക്കാറുള്ളത് മുജീബിനെയാണ്. മുസ്്‌ലീം ലീഗ് ദേശീയ പ്രസിഡന്റായിരുന്ന ഇ. അഹമ്മദിന്റെ അവസാനത്തെ രണ്ട് പാര്‍ലിമെന്റ് തെരഞ്ഞെടുപ്പുകളുടെയും ക്യാമ്പയിന്‍ കോ. ഓര്‍ഡിനേറ്റര്‍ ആയും അദ്ദേഹത്തിന്റെ മരണ ശേഷം നടന്ന മലപ്പുറം ലോകസഭ ഉപതെരഞ്ഞെടുപ്പില്‍ മുസ്്‌ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ ക്യാമ്പയിന്‍ കോ. ഓര്‍ഡിനേറ്റര്‍ ആയും അവസാനം നടന്ന ലോക സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി പാര്‍ലിമെന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന മുസ്്‌ലീം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറിന്റെയും ക്യാമ്പയിന്റെയും ചുമതല വഹിച്ച മുജീബ് ഈ മേഖലയില്‍ പ്രൊഫഷണല്‍ സമീപനത്തോട് കൂടി മികവ് കാണിച്ച സംഘാടകനായി അറിയപ്പെടുന്നു.