തീരദേശത്ത് ലീഗിനെതിരെ വിമത തരംഗം 

വെട്ടം: തിരൂർ നിയോജക മണ്ഡലത്തിലെ തീരദേശ പഞ്ചായത്തായ വെട്ടത്ത് ലീഗിനെതിരെ റിബൽ തരംഗം. പറവണ്ണ, ആലിൻചുവട് പ്രദേശങ്ങളടങ്ങുന്ന വാർഡ് 2ൽ ടി.പി ഫാറൂഖ്, വാർഡ് 16 വാക്കാട് കളരിക്കൽ റിയാസ് ബാബു എന്നീ ലീഗ് വിമത സ്ഥാനാർത്ഥികളാണ് ചരിത്ര വിജയം നേടിയത്. തെരഞ്ഞെടുപ്പിൻ്റെ തുടക്കം മുതൽ ഏറെ ചർച്ച ചെയ്യപ്പെട്ട വാർഡുകളാണ് രണ്ടും. മുൻ പഞ്ചായത്ത് പ്രസിഡൻ്റും ലീഗ് നേതാവുമായ പി സൈനുദ്ധീനെതിരെയാണ് ടി.പി ഫാറൂഖിൻ്റെ അട്ടിമറി വിജയം.

മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും ലീഗ് മണ്ഡലം പഞ്ചായത്ത് ,നേതൃത്വത്തിൻ്റെ നോമിനിയായി മത്സരിച്ചിരുന്ന എ.പി മനാഫിനെ പരാജയപ്പെടുത്തിയാണ് റിയാസ് ബാബുവിൻ്റെ മിന്നും വിജയം. പ്രാദേശിക ലീഗ് ഘടകത്തെ മറികടന്ന് നേതൃത്വം കൈകൊണ്ട തീരുമാനത്തിനെതിരെയുള്ള പ്രതിഷേധമായാണ് വിമത വിജയത്തെ കണക്കാക്കുന്നത്. വെട്ടം പഞ്ചായത്തിൽ മുതിർന്ന ലീഗ് നേതാക്കളുടെയടക്കം വാർഡുകളിൽ കനത്ത പരാജയം നേരിട്ടിട്ടുണ്ട്.