മദ്യലഹരിയിൽ ഭാര്യയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച പ്രതി പിടിയിൽ

ചാക്കിന് പുറത്തേക്ക് കൊലുസിട്ട കാലുകൾ കണ്ടതോടെ പ്രദേശവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

കോട്ടയം: .മദ്യലഹരിയിൽ ഭാര്യയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച പ്രതി പിടിയിൽ പന്തളം കുരമ്പാല ഇടയാടിൽ എംസി റോഡിലേക്ക് ചേരുന്ന വഴിയരികിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ട മൃതദേഹമാണ് കൊലപാതകത്തിൻ്റെ ചുരുളഴിച്ചത്. പെരുനാട് പഞ്ചായത്ത് 9-ാം വാർഡ് അട്ടത്തോട് കോളനിയിൽ പാറയ്ക്കൽ വീട്ടിൽ സുശീല ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് അടൂർ ആനന്ദപ്പള്ളി കുറിയമുളയ്ക്കൽ മധുസൂദനനെ പൊലീസ് അറസ്റ്റ് ചെയ്തു.

 

വോട്ടെണ്ണൽ ദിവസം രാവിലെ 9 മണിയോടെയാണ് ചാക്കിൽ പൊതിഞ്ഞു കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ചാക്കിന് പുറത്തേക്ക് കൊലുസിട്ട കാലുകൾ കണ്ടതോടെ പ്രദേശവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കുരമ്പാല തെക്ക് പറയൻ്റയ്യത്ത് 2 വർഷത്തോളമായി താമസിച്ചു വരികയായിരുന്നു ഇവർ. നിലയ്ക്കൽ ദേവസ്വം ബോർഡ് എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്ന സുശീല. അവിടെ വച്ച് പരിചയപ്പെട്ട മധുസൂദനനുമായി അടുപ്പത്തിലാവുകയും വിവാഹം കഴിച്ച് ഒന്നിച്ചു താമസിക്കുകയുമായിരുന്നു.

മദ്യപിച്ച് പരസ്പരം വഴക്കുണ്ടാക്കുകയും മധുസൂദനൻ പിണങ്ങിപ്പോവുകയും പതിവായിരുന്നു. രാത്രിയിൽ പതിവുപോലെ സ്ഥലത്തിൻ്റെ പേരിൽ ഇവർ പരസ്പരം കലഹിക്കുകയും കൈയിൽ കിട്ടിയ കമ്പി കൊണ്ട് സുശീലയുടെ തലയ്ക്കടിക്കുകയായിരുന്നു. താഴെ വീണ സുശീലയെ ടാപ്പിംഗ് കാത്തി കൊണ്ട് കുത്തിപ്പരുക്കേൽപിക്കുകയും ചെയ്തു. രാത്രി സംഭവ ശേഷം ഉറങ്ങിയ പ്രതി പുലർച്ചെ 4 മണിയോടെ ഉണർന്നപ്പോഴാണ് സുശീല മരിച്ചു എന്ന് മനസിലാക്കിയത്. തുടർന്ന് തുണിയിലും ചാക്കിലും പൊതിഞ്ഞ് ചുമന്ന് മൃതദേഹം ഓട്ടോയിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസ് വിശദീകരണം.

 

കൊലപ്പെടുത്താനായി മനപൂർവ്വം ചെയ്തതല്ല എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. പ്രതിയെ പൊലീസ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കോടതയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.