വളാഞ്ചേരി നഗരസഭയിൽ താമര വിരിഞ്ഞു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ ഭരണം യു.ഡി.എഫ്. നിലനിർത്തി. മുപ്പത്തിമൂന്ന് ഡിവിഷനുകളിൽ യു.ഡി.എഫ്. പത്തൊമ്പതെണ്ണത്തിൽ വിജയിച്ചു. എൽ.ഡി.എഫ്. 12 സീറ്റുകളിൽ വിജയംനേടി. കഴിഞ്ഞതവണയും എൽ.ഡി.എഫിന് 12 സീറ്റാണുണ്ടായിരുന്നത്. ചരിത്രത്തിലാദ്യമായി എൻ.ഡി.എ. ഒരുസീറ്റിൽ വിജയിച്ചപ്പോൾ ഇടതുപക്ഷത്തിനെതിരേ മത്സരിച്ച വിമതൻവിജയം കരസ്ഥമാക്കി.

 

 

ഇത്തവണ വളാഞ്ചേരി നഗരസഭയിൽ താമര വിരിയുമെന്ന ബി.ജെ.പി. വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റിയുടെ പ്രഖ്യാപനം യാഥാർഥ്യമായി. വാർഡ് ആറ്‌ മൈലാടിയിലാണ് എൻ.ഡി.എ. സ്ഥാനാർഥി ചാത്തങ്കാവ് ഉണ്ണിക്കൃഷ്ണൻ യു.ഡി.എഫിലെ കെ.എം. ഉണ്ണിക്കൃഷ്ണനെ തോൽപ്പിച്ചത്. 32 വോട്ടിന്‌ പരാജയപ്പെട്ട കെ.എം. ഉണ്ണിക്കൃഷ്ണൻ കഴിഞ്ഞ ഭരണസമിതിയിൽ വൈസ് ചെയർമാനായിരുന്നു.

 

വാർഡ് 31 കോതോളിലും അട്ടിമറിവിജയമാണ് നടന്നത്. ഇടതുപക്ഷം സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് സി.പി.എം. പ്രവർത്തകനായ സദാനന്ദൻ കോട്ടീരി സ്വതന്ത്രനായി ഇവിടെ മത്സരിച്ചു.

 

സി.പി.എമ്മിന്റെ ഔദ്യോഗികസ്ഥാനാർഥി സന്തോഷ് കോട്ടീരിയെയും കഴിഞ്ഞ ഭരണസമിതിയിലെ സ്ഥിരംസമിതി അധ്യക്ഷനായിരുന്ന കോൺഗ്രസിലെ ചേരിയിൽ രാമകൃഷ്ണനെയും പരാജയപ്പെടുത്തിയാണ് സദാനന്ദൻ ഭരണസമിതിയിലെത്തിയത്.