പൊന്നാനി നഗരസഭ തിരഞ്ഞെടുപ്പിൽ തകർപ്പൻ വിജയംനേടി എൽ.ഡി.എഫ്.

പൊന്നാനി: നഗരസഭ തിരഞ്ഞെടുപ്പിൽ തകർപ്പൻ വിജയംനേടി എൽ.ഡി.എഫ്. വീണ്ടും അധികാരത്തിലേക്ക്. യു.ഡി.എഫിനെ നിലംപരിശാക്കിയാണ് എൽ. ഡി.എഫ്. തകർപ്പൻ വിജയം നേടിയത്. കഴിഞ്ഞതവണ 29 സീറ്റുകളുമായാണ് എൽ.ഡി.എഫ്. ഭരണം നടത്തിയിരുന്നത്. എന്നാൽ 51 വാർഡുകളുള്ള നഗരസഭയിൽ ഇത്തവണ 38 വാർഡുകളും എൽ.ഡി.എഫ്. പിടിച്ചെടുത്തു. സി.പി.എമ്മിനു മാത്രം 34 സീറ്റുകളും സഖ്യകക്ഷിയായ സി.പി.ഐക്ക് രണ്ടും ഐ. എൻ.എല്ലിന് രണ്ടും സീറ്റുകൾ ലഭിച്ചിട്ടുണ്ട്. 19 സീറ്റുകളുണ്ടായിരുന്ന യു.ഡി. എഫിന് ഇത്തവണ വെറും 10 സീറ്റ്‌ മാത്രമാണ് ലഭിച്ചത്. കോൺഗ്രസിലെയും ലീഗിലെയും പല പ്രമുഖരും പരാജയപ്പെട്ടു. യു.ഡി.എഫ്. പിന്തുണയോടെ മത്സരിച്ച വെൽെഫയർ പാർട്ടി സ്ഥാനാർഥി 43-ാം വാർഡിൽ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോൺഗ്രസ്സിലെ പ്രമുഖ നേതാക്കളായ പുന്നയ്ക്കൽ സുരേഷ് എ. പവിത്രകുമാർ, കെ. പി. അബ്ദുൾജബ്ബാർ, കെ. ശിവരാമൻ തുടങ്ങിയവരെല്ലാം പരാജയപ്പെട്ടു. ബി.ജെ.പി. മൂന്ന് വാർഡുകളിൽ വിജയം കരസ്ഥമാക്കി. കഴിഞ്ഞ തവണയും ബി.ജെ.പിക്ക് മൂന്നു സീറ്റാണ് ഉണ്ടായിരുന്നത്.