മുസ്‌ലിംലീഗ് പ്രവർത്തകന്റെ സ്കൂട്ടർ അക്രമികൾ തീയിട്ട് നശിപ്പിച്ചു.

പുറത്തൂർ: പുതുപ്പള്ളിയിൽ മുസ്‌ലിംലീഗ് പ്രവർത്തകന്റെ വീടിനുനേരേ ആക്രമണം. വീടിനു മുന്നിലുണ്ടായിരുന്ന സ്കൂട്ടർ അക്രമികൾ തീയിട്ട് നശിപ്പിച്ചു.

 

 

മുസ്‌ലിംലീഗ് പ്രവർത്തകനും എസ്.ടി.യു. നേതാവുമായ പുതുപ്പള്ളി കക്കിടി പുതിയാട്ടിപറമ്പിൽ ഹംസയുടെ വീട്ടിലാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.

 

വീടിന് സമീപത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തുന്നത് തൊട്ടടുത്ത വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത് ദുരന്തം ഒഴിവാക്കി. തീ പടർന്നതിനെത്തുടർന്ന് വീടിന് അകത്ത് പുക നിറഞ്ഞ നിലയിലായിരുന്നു. തൊട്ടടുത്ത വീട്ടുകാരാണ് തീയണച്ചത്.

 

സംഭവത്തിൽ തിരൂർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. തിരൂർ സി.ഐ. ടി.പി ഫർഷാദ്, എസ്.ഐമാരായ ജലീൽ കറുത്തേടത്ത്, ഷറഫുദീൻ, ജോബി എന്നിവർ സ്ഥലത്തെത്തി.

 

 

വ്യാഴാഴ്ച വൈകുന്നേരം ഫോറൻസിക് ഓഫീസർമാർ സ്ഥലത്തെത്തി പരിശോധന നടത്തി.