രാത്രിയാത്രികരെ കഴുത്തില്‍ കത്തിവച്ചു പണം കവരുന്ന മൂന്ന് പേർ പിടിയിൽ
പനങ്ങാട്: രാത്രിയാത്രികരെ തടഞ്ഞു നിര്‍ത്തി, കഴുത്തില്‍ കത്തിവച്ചു ഭീഷണിപ്പെടുത്തി പണം കവരുന്ന മൂന്ന് പേര്‍ പിടിയിലായി. കവര്‍ച്ച നടത്തുന്ന അന്തര്‍ ജില്ലാ സംഘത്തിലെ 3 പേരാണ് പിടിയിലായത്.
പത്തനംതിട്ട ഉളുക്കി പെരുങ്ങഴ ചാത്തങ്കേരി പുതുപ്പറമ്പില്‍ എസ് ശ്യാം (ശ്യാംനാഥ് 23), ആലപ്പുഴ നെടുമുടി പട്ടടപ്പറമ്പ് വിഷ്ണുദേവ്(22), കണ്ണൂര്‍ തലശേരി പൊന്നയം വെസ്റ്റ് റോസ്ഹില്‍ വീട്ടില്‍ മിഷേല്‍(26) എന്നിവരെയാണ് തൃക്കാക്കര എസി സ്‌ക്വാഡും പനങ്ങാട് പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
തൃക്കാക്കര, പാലാരിവട്ടം, പനങ്ങാട്, കടവന്ത്ര, കളമശേരി, കൊല്ലം ജില്ലയിലെ കൊല്ലം ഈസ്റ്റ്, പത്തനംതിട്ടയിലെ തിരുവല്ല, കോയിപ്ര സ്റ്റേഷനുകളില്‍ ഒട്ടേറെ കേസുകളില്‍ പ്രതികളാണിവര്‍. കത്തികാട്ടി കവര്‍ച്ച വ്യാപകമായതോടെ സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാഖറെ പ്രത്യേക സംഘത്തിനു രൂപം നല്‍കിയിരുന്നു.
ഡിസിപി രാജീവിന്റെ മേല്‍നോട്ടത്തില്‍ തൃക്കാക്കര എസി ജിജി മോന്‍, പനങ്ങാട് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ അനന്തലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് കവര്‍ച്ചാ സംഘത്തിലെ പ്രധാനികളായ ശ്യാം, വിഷ്ണു എന്നിവരെ പിടികൂടിയത്. മിഷേലിനെ തെളിവെടുപ്പിനു കളമശേരി പോലീസിനു കൈമാറി.
രാത്രി ബൈക്കില്‍ കറങ്ങി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പാലാരിവട്ടം സ്വദേശിയുടെ പണം കവര്‍ന്ന കേസിലെ പ്രധാന പ്രതിയെ കഴിഞ്ഞ മാസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനില്‍ കുമാറാണ് (21) എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസം 10ാം തീയ്യതി പുലര്‍ച്ച നാലിന് പാലാരിവട്ടം വസന്ത നഗര്‍ സ്വദേശിയായ യുവാവ് കമ്പനിയിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുേമ്പാള്‍ കതൃക്കടവ് ബിസ്മി സൂപ്പര്‍ മാര്‍ക്കറ്റിന്റെ മുന്‍വശത്ത് വെച്ചായിരുന്നു സംഭവം. ബൈക്കില്‍ എത്തിയ പ്രതികള്‍ യുവാവിനെ തടഞ്ഞുനിര്‍ത്തി പണം ആവശ്യപ്പെട്ടു. എതിര്‍ത്തപ്പോള്‍ കത്തി വീശി. ഇതോടെ ഭയന്ന യുവാവില്‍നിന്ന് 5000 രൂപ കവരുകയായിരുന്നു.