തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍   കോവിഡ് ടെസ്റ്റ് നടത്തണം

മലപ്പുറം: ജില്ലയില്‍ നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചരണത്തിലും വോട്ടിങിലും തെരഞ്ഞെടുപ്പ് വിജയാഘോഷത്തിലും കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമുണ്ടായതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു.

തെരഞ്ഞെടുപ്പ് കാലയളവില്‍ നിരവധി ആളുകള്‍ക്ക് കോവിഡ് രോഗം പകര്‍ന്നിട്ടുണ്ടാകാമെന്നും രോഗം ബാധിക്കുന്നത് തടയുക എന്നതാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും അതിനാല്‍ സംശയമുള്ള എല്ലാവരും കോവിഡ് രോഗ പരിശോധന നടത്തേണ്ടതും മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കേണ്ടതുമാണെന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

കോവിഡുമായി ബന്ധപ്പെട്ടുള്ള മരണങ്ങള്‍ ഒഴിവാക്കുന്നതിനായി രോഗം നേരത്തെ കണ്ടെത്തി ചികിത്സ നടത്തേണ്ടതുണ്ട്. പ്രായം കൂടിയവരിലും 10 വയസ്സിന് താഴെയുള്ള കുട്ടികളിലും ഗര്‍ഭിണികളിലും ഇതരരോഗങ്ങളുള്ളവരിലും കോവിഡ് രോഗം ബാധിച്ചാല്‍് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. രോഗം നേരത്തെ കണ്ടെത്തിയാല്‍ രോഗം ഗുരുതരമായേക്കാവുന്ന സാഹചര്യം ഒഴിവാക്കുന്നതിനും അതുവഴി കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ ലഘൂകരിക്കാനും സാധിക്കും.

കോവിഡ് രോഗം ഉണ്ടോ എന്നുള്ള പരിശോധന സമൂഹത്തിലെ എല്ലാ മേഖലയിലുള്ളവരും ചെയ്യണം. ജില്ലയില്‍ വിപുലമായ കോവിഡ് പരിശോധനാ സൗകര്യങ്ങള്‍ ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ടെന്നും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, ബ്ലോക്ക് സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, മൊബൈല്‍ ലാബുകള്‍ എന്നിവിടങ്ങളില്‍ സൗജന്യ പരിശോധന സൗകര്യം ലഭ്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.