ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ചുമതലയേറ്റു

മലപ്പുറം: തെരഞ്ഞെടുപ്പില്‍ വിജയിച്ച ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. 32 ഡിവിഷനില്‍ നിന്നും വിജയിച്ച അംഗങ്ങള്‍ രാവിലെ 10 നാണ് ചുമതലയേറ്റത്.

വരണാധികാരിയായ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആതവനാട് ഡിവിഷനില്‍ നിന്ന് വിജയിച്ച ഏറ്റവും മുതിര്‍ന്ന അംഗമായ ഹംസ മാസ്റ്ററാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് ഇദ്ദേഹം മറ്റ് അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡിവിഷന്‍ അടിസ്ഥാനത്തിലായിരുന്നു സത്യപ്രതിജ്ഞ.

യു.ഡി.എഫ് അംഗങ്ങള്‍ ദൈവനാമത്തിലും എല്‍.ഡി.എഫ് അംഗങ്ങള്‍ ദൃഢപ്രതിജ്ഞയുമാണ് ചെയ്തത്. പുതിയ ഭരണസമിതിയുടെ ആദ്യയോഗം മുതിര്‍ന്ന അംഗമായ ഹംസ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. രാഷ്ട്രീയ, കക്ഷി ഭേദമന്യേ ജില്ലയുടെ വികസനത്തിന് അംഗങ്ങള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

അടിയന്തിര കേസുകളില്‍ രോഗികളുമായി ആശുപത്രിയിലെത്തുമ്പോള്‍ കോവിഡ് പരിശോധനാഫലം ആവശ്യപ്പെടുന്ന സാഹചര്യം ബുദ്ധിമുട്ടുണ്ടാക്കുന്നതായി അംഗം അഡ്വ.പി.വി. മനാഫ് കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി.

കോവിഡ് ടെസ്റ്റിന്റെ പേരില്‍ അടിയന്തിര ചികിത്സ മാറ്റിവെക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയതായും ഇതു ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും കലക്ടര്‍ പറഞ്ഞു.