നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷമുള്ള സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളിക്കളയാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല; മുഖ്യമന്ത്രി

രാജ്യത്തെ ആകെ കര്‍ഷകരെ ബാധിക്കുന്ന പ്രശ്‌നമാണ്, കാര്‍ഷിക സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു

തിരുവനന്തപുരം: ‍നിയമസഭയില് വ്യക്തമായ ഭൂരിപക്ഷമുള്ള സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളിക്കളയാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാര്‍ഷിക നിയമഭേദഗതികള്‍ തള്ളിക്കളയാന്‍ നാളെ ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനാണ് ഗവര്‍ണര്‍ നേരത്തെ അനുമതി നിഷേധിച്ചത്. സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ഫയല്‍ മടക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ അപൂര്‍വമായ സംഭവമാണിത്. നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിക്കുന്നത് കേരള നിയമസഭാ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്.

 

 

 

നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട്, മറ്റ് ഒരു അവസരത്തിലും മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ അനുവദിക്കാതിരുന്നിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ കൊണ്ടുവന്ന നിയമങ്ങളുടെ അന്തസത്തയെ ചോദ്യം ചെയ്യുന്നതും ആ നിയമങ്ങള്‍ നിരാകരിക്കണമെന്നുമുള്ളതാണ് സര്‍ക്കാരിന്റെ പ്രമേയം. ആ പ്രമേയമാണ് പ്രതിപക്ഷവുമായി ചേര്‍ന്ന് പാസാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നേരത്തെ പ്രത്യേക സമ്മേളനം ചേരുന്നതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടിയിരുന്നു. പ്രമേയത്തിന്റെ ഉള്ളടക്കമെന്താണ്, ഇത് കേന്ദ്രവിരുദ്ധ സമീപനമല്ലേ എന്ന ആശങ്കയും സംശയവും പ്രകടിപ്പിച്ചുകൊണ്ടാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്.

 

രാജ്യത്തെ ആകെ കര്‍ഷകരെ ബാധിക്കുന്ന പ്രശ്‌നമാണ്, കാര്‍ഷിക സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു, ഒപ്പം ബില്ലില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കുന്നു എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍, സര്‍ക്കാരിന്റെ വിശദീകരണം ഗവര്‍ണര്‍ തള്ളുകയായിരുന്നു. കാര്‍ഷക നിയമത്തില്‍ അടിയന്തരസാഹചര്യമെന്ന് പറയുന്ന സര്‍ക്കാരിന് കുറച്ചുദിവസംകൂടി കാത്തിരുന്ന് ജനുവരി 8 ലെ ബജറ്റ് സമ്മേളനത്തില്‍ ഇത് അവതരിപ്പിക്കാമെന്നാണ് ഗവര്‍ണറുടെ നിലപാട്.

 

മുഖ്യമന്ത്രിയുടെ കത്തിലെ പ്രസക്തഭാഗങ്ങള്‍

 

1. അടിയന്തര സാഹചര്യമില്ലെന്ന വാദം തെറ്റ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം ഇന്നത്തെ നിലയിലേക്ക് വളര്‍ന്നത് അടുത്ത ദിവസങ്ങളിലാണ്. ഭക്ഷ്യസാധനങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് കര്‍ഷക സമൂഹവും കാര്‍ഷിക മേഖലയും നേരിടുന്ന പ്രശ്‌നങ്ങളില്‍ വലിയ ഉത്കണ്ഠയുണ്ട്.

 

 

2. ഗവര്‍ണറുടെ നടപടി ഭരണഘടനയുടെ 174 (ഒന്ന്) അനുഛേദത്തിന് വിരുദ്ധമാണ്. ഭ വിളിക്കുന്നതിനോ സഭാസമ്മേളനം അവസാനിപ്പിക്കുന്നതിനോ ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ല.

 

3. രാഷ്ട്രപതിയും ഗവര്‍ണറും മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് പ്രവര്‍ത്തിക്കേണ്ടത്. പഞ്ചാബ് സംസ്ഥാനവും ഷംസീര്‍ സിങും തമ്മിലുള്ള കേസില്‍ (1975) സുപ്രിംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

 

4. നിയമസഭയില്‍ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ നിയമസഭ വിളിക്കാനോ പിരിയാനോ ശുപാര്‍ശ ചെയ്താല്‍ അത് അനുസരിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന് സര്‍ക്കാരിയ കമ്മീഷനും (കേന്ദ്രസംസ്ഥാന ബന്ധങ്ങളെ കുറിച്ച് ശുപാര്‍ശ സമര്‍പ്പിച്ച കമ്മീഷന്‍) അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. നിയമസഭ വിളിക്കാന്‍ മന്ത്രിസഭ ശുപാര്‍ശ ചെയ്താല്‍ അത് നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. കീഴ്‌വഴക്കങ്ങളും അതുതന്നെയാണ്.