എൻഐഎ കസ്റ്റഡിയിൽ കഴിയുന്ന സ്ഥാനാർത്ഥിക്ക് തെരഞ്ഞെടുപ്പിൽ വിജയം.

ന്യൂഡൽഹി: എൻഐഎ കസ്റ്റഡിയിൽ കഴിയുന്ന ഗുപ്കാർ സഖ്യ സ്ഥാനാർത്ഥിക്ക് കശ്മീർ ജില്ലാ ഡവലപ്മെന്റ് കൗൺസിലുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം.

പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടിയുടെ യുവജനവിഭാഗം അധ്യക്ഷനായ വഹീദ് പാരയാണ് പുൽവാമ ഒന്നാം ഡിവിഷനിൽ നിന്നും വിജയം നേടിയത്. വഹീദ് പാര 1323 വോട്ടുകൾ നേടിയപ്പോൾ ബിജെപിയുടെ സ്ഥാനാർത്ഥി സജ്ജാദ് റെയ്നയ്ക്ക് 321 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഇവർക്ക് പുറമെ അപ്നി പാർട്ടി സ്ഥാനാർത്ഥി ഗുലാം ഹസൻ മിറും നാല് സ്വതന്ത്രരും അഞ്ചുപേരും മത്സരരംഗത്തുണ്ടായിരുന്നു.

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെയാണ് വഹീദ് പാരയെ എൻഐഎ കസ്റ്റഡിയിലെടുത്തത്. ഭീകരബന്ധം ആരോപിക്കപ്പെടുന്ന മുൻ ഡിഎസ്പി ദാവീന്ദർ സിങുമായി ബന്ധപ്പെട്ട കേസിലായിരുന്നു പിഡിപി യുവനേതാവിനെ എൻഐഎ കുടുക്കിയത്. ജനാധിപത്യവിരുദ്ധമായ വേട്ടയാടലിനും അറസ്റ്റിനും ജനം നൽകിയ മറുപടിയാണ് വഹീദ് പാരയുടെ വിജയമെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി ട്വിറ്ററിൽ പ്രതികരിച്ചു.