ഒരു മുന്നണിക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ല

പാലക്കാട്: കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് പഞ്ചായത്ത്, പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂര്‍ പഞ്ചായത്ത് എന്നിവടങ്ങളിലാണ് ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷമില്ലാത്തത്. ഓങ്ങല്ലൂരില്‍ ഒരു മുന്നണിക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ല. എസ്ഡിപിഐ പിന്തുണ നല്‍കുന്ന പാര്‍ട്ടിക്ക് ഭരിക്കാന്‍ സാധിക്കുകയും ചെയ്യും. വെറുതെ പിന്തുണ തരില്ലെന്നും വൈസ് പ്രസിഡന്റ് പദവി തങ്ങള്‍ക്ക് ലഭിച്ചാല്‍ പിന്തുണ നല്‍കാമെന്നും എസ്ഡിപിഐ ഉപാധി വച്ചിരിക്കുകയാണിവിടെ. എല്‍ഡിഎഫും യുഡിഎഫും ഇതിനോട് പ്രതികരിച്ചിട്ടില്ല. എങ്കിലും രഹസ്യമായ ചില ചര്‍ച്ചകള്‍ നടക്കുന്നു എന്നും വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

22 സീറ്റാണ് ഓങ്ങല്ലൂര്‍ പഞ്ചായത്തിലുള്ളത്. 11 സീറ്റുണ്ടെങ്കില്‍ ഭരിക്കാം. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ എല്‍ഡിഎഫ് ഏറ്റവും വലിയ കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം കടന്നില്ല. 10 സീറ്റുകളാണ് അവര്‍ക്ക് ലഭിച്ചത്. യുഡിഎഫിന് എട്ട് സീറ്റുകളും ലഭിച്ചു. എസ്ഡിപിഐക്ക് മൂന്ന് സീറ്റാണുള്ളത്. ഒരു സീറ്റ് ബിജെപിക്ക് ലഭിച്ചു. എസ്ഡിപിഐ പിന്തുണ നല്‍കുന്ന പാര്‍ട്ടിക്ക് ഭരണം എളുപ്പമാകും. വൈസ് പ്രസിഡന്റ് പദവി തങ്ങള്‍ക്ക് കിട്ടണമെന്നാണ് അവരുടെ ആവശ്യം.

യുഡിഎഫ് നേതാക്കള്‍ എസ്ഡിപിഐയുമായി ചര്‍ച്ച നടത്തിയേക്കുമെന്ന സൂചനകള്‍ വന്നിരുന്നു. എന്നാല്‍ മുസ്ലിം ലീഗ് തടസം നില്‍ക്കുന്നു. എസ്ഡിപഐയുടെ പിന്തുണ തേടേണ്ട എന്നാണ് മുസ്ലിം ലീഗ് തീരുമാനം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് മുസ്ലിം ലീഗിനെ പിന്തിരിപ്പിക്കുന്നത്. എസ്ഡിപിഐ പിന്തുണ തേടേണ്ട എന്ന് എല്‍ഡിഎഫും തീരുമാനിച്ചിട്ടുണ്ട്. എസ്ഡിപിഐ പിന്തുണയോടെ പഞ്ചായത്ത് ഭരിച്ചാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മറുപക്ഷം പ്രചാരണ ആയുധമാക്കുമെന്നാണ് ഇരുമുന്നണികളുടെയും ആശങ്ക.

തങ്ങള്‍ ആവശ്യപ്പെട്ട പദവികള്‍ ലഭിച്ചില്ലെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് എസ്ഡിപിഐ നേതൃത്വം പറയുന്നു. അങ്ങനെ സംഭവിച്ചാല്‍ 10 സീറ്റുള്ള എല്‍ഡിഎഫിന് പദവികള്‍ ലഭിക്കും. ഈ സാഹചര്യത്തില്‍ യുഡിഎഫ് നേതാക്കള്‍ എസ്ഡിപിഐ പിന്തുണ സ്വീകരിക്കുമോ എന്നാണ് അറിയേണ്ടത്.