ഒരുവോട്ടറെ പോലും നേരിട്ട് കാണാനാകാത്ത ഫാത്തിമക്കുട്ടി ജയിച്ചത് 196 വോട്ടിന്.
കൊളത്തൂർ: പ്രചാരണ സമയത്ത് ഒരുവോട്ടറെ പോലും നേരിട്ട് കാണാനാകാത്ത ഫാത്തിമക്കുട്ടി ജയിച്ചത് 196 വോട്ടിന്. സത്യപ്രതിജ്ഞക്കെത്തിയത് 21 ദിവസം പ്രായമായ കൈക്കുഞ്ഞുമായി.

കുറുവ ഗ്രാമപഞ്ചായത്ത് 16ാം വാർഡ് ചന്തപ്പറമ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥി പുള്ളിയിൽ ഫാത്തിമക്കുട്ടിക്കാണ് പൂർണ ഗർഭിണിയായതിനാൽ വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് ചോദിക്കാനാകാതിരുന്നത്. അതിൽ പരിഭവമില്ലാതെ നാട്ടുകാർ അവരെ മികച്ച ഭൂരിപക്ഷത്തിൽ തെരഞ്ഞെടുത്തു.
കഴിഞ്ഞദിവസം സത്യപ്രതിജ്ഞ ചടങ്ങിന് ഫാത്തിമക്കുട്ടിയെത്തിയത് 21 ദിവസം പ്രായമുള്ള മകൻ റിസാനെയും എടുത്തായിരുന്നു. മകനെ ഭർതൃമാതാവിനെ ഏൽപിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. ഭർത്താവ് അലവിക്കുട്ടി പുള്ളിയിൽ, കഴിഞ്ഞതവണ ഇതേ വാർഡിൽ നിന്ന് 160 വോവോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്.
ഇത്തവണ വനിത വാർഡായതോടെ ഫാത്തിമക്കുട്ടി മത്സരത്തിനിറങ്ങി. ഇവരുടെ അഭാവത്തിൽ പ്രചാരണത്തിന് അലവിക്കുട്ടിയാണ് നേതൃത്വം നൽകിയത്. തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മുമ്പാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. വോട്ടർമാരോട് നന്ദി പറയാൻ പോകാനൊരുങ്ങുകയാണ് ഫാത്തിമക്കുട്ടി.