ചെറുപ്പക്കാരി ഇനി അനന്തപുരി ഭരിക്കും

തിരുവനന്തപുരം: ആര്യാ രാജേന്ദ്രനെ തിരുവനന്തപുരം കോര്‍പറേഷന്‍ മേയറാക്കാന്‍ സിപിഎം തീരുമാനം. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് ആര്യാ രാജേന്ദ്രന്റെ പേര് മേയര്‍ സ്ഥാനത്തേക്കു പരിഗണിച്ചത്. എല്‍ഡിഎഫ് യോഗത്തില്‍ കൂടി ഇക്കാര്യം നിര്‍ദേശിക്കും. മുടവന്‍മുകള്‍ കൗണ്‍സിലറായ ആര്യാ രാജേന്ദ്രന്‍ ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്നു. ഓള്‍ സെയിന്റ്‌സ് കോളജിലെ ബിഎസ്‌സി മാത്തമാറ്റിക്‌സ് വിദ്യാര്‍ഥിനിയാണ്.

മേയര്‍ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് 21 വയസ്സുകാരിയായ ആര്യാ രാജേന്ദ്രന്‍. ബാലസംഘം സംസ്ഥാന പ്രസിഡന്റ്,എസ്എഫ്‌ഐ സംസ്ഥാന ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പേരൂര്‍ക്കടയില്‍നിന്നു ജയിച്ച ജമീലാ ശ്രീധരന്‍, വഞ്ചിയൂരില്‍നിന്നു ജയിച്ച ഗായത്രി ബാബു എന്നിവരെയും പരിഗണിച്ചിരുന്നെങ്കിലും യുവപ്രതിനിധി എന്ന നിലയില്‍ ആര്യയ്ക്കു നറുക്കുവീഴുകയായിരുന്നു.