വ്യാജ ഭീഷണി സന്ദേശമയച്ച പ്രതി പിടിയിൽ.

വണ്ടൂർ: മംഗള എക്സ്പ്രസിൽ ബോംബുവച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി സന്ദേശമയച്ച പ്രതി പിടിയിൽ. തൃക്കലങ്ങോട് എളങ്കൂർ പാതിരിക്കോട് സ്വദേശി കാട്ടുമുണ്ട അബ്ദുൾ മുനീറി (32)നെയാണ് വണ്ടൂർ സിഐ സുനിൽ പുളിക്കലും സംഘവും അറസ്റ്റ് ചെയ്‌തത്‌. കഴിഞ്ഞ വർഷം ഡിസംബർ 20–-നാണ് ഇയാൾ മംഗള എക്സ്പ്രസിൽ ബോംബ് ഭീഷണിയുണ്ടെന്നുകാണിച്ച് പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലേക്ക് സന്ദേശം അയച്ചത്. തുടർന്ന് ട്രെയിൻ കോഴിക്കോട് പിടിച്ചിട്ട് പരിശോധന നടത്തിയിരുന്നു.

കോഴിക്കോട്‌ ബസ് സ്റ്റാൻഡിൽ ബസ് കഴുകൽ ജോലിചെയ്യുന്നയാളാണ്‌ അബ്ദുൾ മുനീർ. കളഞ്ഞുകിട്ടുന്ന ഫോണും സിമ്മും ഉപയോഗിച്ചാണ് ഫോൺ ചെയ്യാറ്. അതിനാൽ പൊലീസ് അന്വേഷിച്ചുചെല്ലുമ്പോൾ ഇയാളിലേക്ക് എത്താറില്ല. സ്ത്രീകൾ, പൊലീസ്, ഫയർ ഫോഴ്സ് എന്നിവർക്ക്‌ വ്യാജ സന്ദേശമയച്ച് പ്രശ്നമുണ്ടാക്കുകയാണ് ഇയാളുടെ രീതി. സമാന പരാതികളിൽ കോഴിക്കോട് കസബ, നല്ലളം, ബാലുശേരി, പന്തീരങ്കാവ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. 500–-ൽ ഏറെ സ്ത്രീകളെ ഇയാൾ ശല്യംചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതിൽ വനിതാ പൊലീസുകാരും ഉൾപ്പെടും.