തെരുവുനായയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരുക്ക്

തിരൂർ: കല്‍പകഞ്ചേരിയിലും ചെറിയമുണ്ടത്തും തെരുവുനായയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരുക്ക്. നെല്ലാംപറമ്പ് സ്വദേശിയായ 12 വയസുകാരനുള്‍പ്പെടെ സാരമായി മുറിവേറ്റു. പരുക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. തുവ്വക്കാട് നെല്ലാംപറമ്പില്‍, ചെറിയമുണ്ടം എന്നീ പ്രദേശങ്ങളിലാണ് തെരുവു നായയുടെ ആക്രമണമുണ്ടായത്. മുഹമ്മദ് അഫ്‌സല്‍ എന്ന പന്ത്രണ്ടുകാരന്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് നായയുടെ കടിയേറ്റത്. ശേഷം നായ വഴിയാത്രക്കാരെയും ആക്രമിച്ചു. പലര്‍ക്കും മുഖത്തുള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാരമായി മുറിവേറ്റിട്ടുണ്ട്.

പരുക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.വര്‍ധിച്ച് വരുന്ന തെരുവു നായ ആക്രമണം തടയാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളെ സമീപിച്ചിരിക്കുകയാണ് നാട്ടുകാര്‍.