ജാതിക്കൊലയിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഭാര്യ ഹരിത.

പാലക്കാട്: കുഴൽമന്ദം ​തേങ്കുറുശ്ശിയിലെ ജാതിക്കൊലയിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഭാര്യ ഹരിത. അമ്മാവൻ സുരേഷ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും ഫോൺ വാങ്ങി കൊണ്ടു പോയിരുന്നതായും ഹരിത മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, വടിവാളും കമ്പിയും ഉപയോഗിച്ചാണ് അനീഷിനെ പ്രതികളായ പ്രഭുകുമാറും സുരേഷും ആക്രമിച്ചതെന്ന് ദൃക്സാക്ഷിയായ സഹോദരൻ അരുൺ മാധ്യമങ്ങളോട് വെളിപ്പെടുത്തി. വൈകീട്ട് ആറരയോടെ സോഡയും മറ്റ് സാധനങ്ങളും വാങ്ങുന്നതിനായാണ് അനീഷും അരുണും കടയിൽ പോയത്. കടയിൽ നിന്ന് ബൈക്കിൽ തിരിച്ചു വരുന്ന വഴി തേങ്കുറുശ്ശി മാനാംകുളമ്പ്​ സ്​കൂളിന്​ സമീപത്തുവെച്ചാണ് അനീഷിനെ നേരെ ആക്രമണമുണ്ടായത്.

 

ആക്രമണത്തിന് ശേഷം അനീഷിനെ സമീപത്തെ ഒാടയിൽ തള്ളിയ പ്രതികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പ്രദേശ വാസികളാണ് അനീഷിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. കഴുത്തിനും കാലിനുമാണ് വെട്ടേറ്റത്. എന്നാൽ, ഗുരുതര പരിക്കേറ്റ അനീഷിനെ രക്ഷിക്കാനായില്ല.

 

മൂന്ന്​ മാസം മുമ്പാണ്​ സ്​കൂൾ കാലം തൊട്ട്​ പ്രണയിച്ച ഹരിതയും അനീഷും തമ്മിലുള്ള​ രജിസ്റ്റർ വിവാഹം നടന്നത്​. വ്യത്യസ്ത ജാതിയിൽപ്പെട്ട ഇവരുടെ വിവാഹത്തിൽ ഹരിതയുടെ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു. ഹരിതയുടെ കുടുംബത്തിൽ നിന്നുള്ള ഭീഷണിയെ തുടർന്ന് ഒന്നര മാസമായി അനീഷ് ഒളിച്ച് താമസിക്കുകയായിരുന്നു.

 

വീടിന് പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നും മൂന്ന് മാസത്തിനകം എല്ലാം അവസാനിപ്പിക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു. മൂന്നു മാസം മാത്രമേ മഞ്ഞച്ചരടിന് മൂല്യമുണ്ടാവൂ എന്ന് പിതാവ് പ്രഭുകുമാർ ഹരിതയെ ഭീഷണിപ്പെടുത്തുക ഉണ്ടായി. ഇതേതുടർന്ന് പൊലീസിൽ പരാതി നൽകിയിരുന്നതായും അരുൺ പറഞ്ഞു.

 

മൂന്നു മാസം പൂർത്തിയാകുന്നതിന്‍റെ തലേ ദിവസമാണ് അനീഷ് കൊല്ലപ്പെടുന്നത്