മുസ്‌ലിം ലീഗും ചടുലമാറ്റവുമായി മലപ്പുറത്തിനും ഇനി ചെയര്‍മാന്‍ ബ്രോ

മലപ്പുറം : മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരിയെ മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാനായി പ്രഖ്യാപിച്ചതു വഴി മുസ്‌ലിം ലീഗും പുതിയകാല രാഷ്ട്രീയ പരിക്ഷണത്തിന് ലീഗിന്റെ ആസ്ഥാനമണ്ണില്‍ തുടക്കം കുറിച്ചു. പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യതയും തികഞ്ഞ പ്രൊഫഷണലിസവുമുള്ളവരെ സമുന്നത പദവികളില്‍ ചുമതലയേല്‍പ്പിക്കുക എന്ന പുതിയ രാഷ്ട്രീയ നീക്കമാണ് മലപ്പുറത്തും ലീഗ് നേതൃത്വം തുടക്കം കുറിച്ചത്. മഞ്ചേരി ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, മലപ്പുറം ഗവ. കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം കേരളത്തിലെ പ്രമുഖ എഞ്ചിനിയറിംഗ് കോളേജായ കൊല്ലം ടി കെ എം എഞ്ചിനിയറിംഗ് കോളേജില്‍ നിന്ന് എം ബി എ പൂര്‍ത്തിയാക്കിയ മുജീബ് കാടേരി വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ 20 വര്‍ഷമായി സജീവ പൊതുപ്രവര്‍ത്തന രംഗത്തുള്ള യുവനേതാവാണ്. കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ നിര്‍മ്മാണ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരുന്ന മുജീബ് മുസ്‌ലിം ലീഗ് യുവ നേതാക്കള്‍ക്കിടയില്‍ വേറിട്ട പ്രതിഭയായും മുതിര്‍ന്ന നേതാക്കള്‍ക്കെല്ലാവര്‍ക്കും ഒരുപോലെ സ്വീകാര്യനുമായ നേതാവായാണ് അറിയപ്പെടുന്നത്. 2000- 01 കാലഘട്ടത്തില്‍ മലപ്പുറം ഗവ. കോളേജ് യൂണിയന്‍ ചെയര്‍മാനായിട്ടാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്. പാരമ്പര്യമായി തന്നെ ഉന്നത രാഷ്ട്രീയ കുടുംബത്തിലാണ് മുജീബിന്റെ ജനനം. പിതാവ് കാടേരി അബ്ദുല്‍ അസീസ് ഇതേ നഗരസഭയില്‍ ദീര്‍ഘകാലം കൗണ്‍സിലറും വൈസ് ചെയര്‍മാനുമായിരുന്നു. മാതാവ് പരേതയായ ഇ ടി സഫിയ മുതിര്‍ന്ന മുസ്്‌ലീം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ എം പി യുടെ സഹോദരിയാണ്.

മുസ്്‌ലീം യൂത്ത് ലീഗ് മലപ്പുറം ജോ . സെക്രട്ടറി, ജന.സെക്രട്ടറി, പ്രസിഡന്റ്, ജില്ലാ ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ച മുജീബ് നിലവില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുന്നു. മികച്ച പ്രഭാഷകനായ മുജീബ് പൊതു സാമൂഹിക രാഷ്ട്രീയ വിഷയങ്ങള്‍ ആഴത്തില്‍ പഠിച്ച് സമഗ്രമായി അവതരിപ്പിക്കുന്ന പ്രൊഫഷണല്‍ സമീപനമുള്ള നേതാവായാണ് അറിയപ്പെടുന്നത്. പൊതുതെരഞ്ഞെടുപ്പുകളില്‍ ലീഗിന്റെ തന്ത്രങ്ങള്‍ മെനയുന്ന ഇലക്ഷന്‍ സ്റ്റാറ്റജിസ്റ്റായിട്ടാണ് നേതൃത്വം മുജീബിനെ പരിഗണിച്ചുവരുന്നത്. മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റായിരുന്ന ഇ അഹമ്മദിന്റെ അവസാനം നടന്ന രണ്ട് പാര്‍ലിമെന്റ് തെരഞ്ഞെടുപ്പുകളുടെയും ക്യാമ്പയിന്‍ കോ. ഓര്‍ഡിനേറ്റര്‍ ആയിരുന്നു മുജീബ്. അദ്ദേഹത്തിന്റെ മരണശേഷം നടന്ന ലോകസഭ ഉപതെരഞ്ഞെടുപ്പില്‍ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പിന്റെയും ക്യാമ്പയിന്‍ കോ. ഓര്‍ഡിനേറ്റര്‍ ആയും പ്രവര്‍ത്തിച്ചു. അവസാനം നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി പാര്‍ലിമെന്റ് മണ്ഡലത്തില്‍ ഇ ടി മുഹമ്മദ് ബഷീറിന്റെ തെരഞ്ഞെടുപ്പ് ക്യാമ്പയിന്റെ ചുമതലയും പാര്‍ട്ടി വിശ്വസിച്ച് ഏല്‍പ്പിച്ചത് അദ്ദേഹത്തിന്റെ പ്രൊഫഷണല്‍ സമീപനത്തിനോടുള്ള പാര്‍ട്ടിയുടെ താല്‍പ്പര്യത്തിന്റെ പ്രതീകമാണ്.

കറകളഞ്ഞ ആദര്‍ശവാദിയും, പ്രൊഫഷണല്‍ സംഘാടകനായും, പ്രതിഭയുടെ പ്രഭാഷകനായും അറിയപ്പെടുന്ന മുജീബ് നേതൃത്വത്തിന്റെ പ്രത്യേക താല്‍പ്പര്യ പ്രകാരമാണ് മുനിസിപ്പല്‍ കൗണ്‍സിലേക്ക് മത്സരിക്കുന്നതും മുനിസിപ്പല്‍ ചെയര്‍മാനായി ആയി പാര്‍ട്ടി പ്രഖ്യാപിക്കുന്നതിലേക്കും നേതൃത്വത്തെ എത്തിച്ചത്.